ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് ഖാസി മേഖലയിലെ ചൗരി ബസാറിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഞായറാഴ്ച നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. ബിഹാറിലെ ദർഭംഗ സ്വദേശിയായ ലുച്മൻ മുഖിയ (66) ആണ് അവസാനമായി മരിച്ചവരിൽ തിരിച്ചറിഞ്ഞത്.
നവംബർ അഞ്ചിന് രാവിലെ 9.45 ഓടെയാണ് ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടം തകർന്നുവീണത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു അപകടം. 70 മണിക്കൂറിലേറെയായി ദേശീയ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ഡൽഹി പോലീസും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി തിരച്ചിൽ തുടർന്നു.
സഞ്ജീത് കുമാർ, കിഷോരി സാഹ്, പങ്കജ് ശർമ, വിപിൻ റാം, ശാന്തു, ദിനേശ് സാഹ്, ലുച്മൻ മുഖിയ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ നാലുപേർ ബിഹാർ സ്വദേശികളാണ്. വിപിൻ റാം ഡൽഹിയിലെ മണ്ഡവാലി സ്വദേശിയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ സൈമുല്ല എന്ന അയൂബിനെയും മൂന്ന് കരാറുകാരായ സിറാജ്, താജുദ്ദീൻ, ഫുർഖാൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ സിറോഹി ഗ്രാമത്തിൽനിന്നാണ് കരാറുകാരെ പിടികൂടിയത്.
ആവശ്യമായ അനുമതികളില്ലാതെയാണ് കെട്ടിടനിർമാണം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏകദേശം 50 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് നിർമിച്ച കെട്ടിടത്തിന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ അംഗീകൃത കെട്ടിടപദ്ധതി ഉണ്ടായിരുന്നില്ല. മൂന്നാം നിലയുടെ മേൽക്കൂരയുടെ കോൺക്രീറ്റിങ് നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നതെന്ന് അധികൃതർ അറിയിച്ചു.
നവംബർ അഞ്ചിന് ഹൗസ് ഖാസി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ 105, 290, 125(എ), 3(5) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളിലോ പൊളിക്കലിലോ ഉള്ള അശ്രദ്ധ, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കെട്ടിടനിർമാണത്തിലെ അനുമതികളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

