ജനാധിപത്യം കസ്റ്റഡിയിൽ; ഡൽഹിയിൽ അപ്രഖ്യാപിത ലോക്ഡൗൺ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധം തടയാൻ ഡൽഹിയിൽ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവരെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ കനത്ത പൊലീസ്, അർധസൈനിക വിഭാഗങ്ങളുടെ വിന്യാസമുണ്ടായിരുന്നു.

പ്രതിഷേധം തടയുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചില മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവരെ വിവിധയിടങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത് താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ നേതാക്കൾ കേരള ഹൗസിൽനിന്ന് ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സിപിഎം ദേശീയ ആസ്ഥാനമായ എ.കെ.ജി. ഭവനിൽനിന്ന് എ.എ. റഹീം എംപി, ഡിവൈഎഫ്ഐ നേതാവ് ഹിമഗ് രാജ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ പുറപ്പെട്ട പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. ഡൽഹി ഹാട്ടിൽ പ്രതിഷേധിച്ച ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരെയും പൊലീസ് നീക്കി.

പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയെ പ്രതിപക്ഷ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ, തലസ്ഥാനത്തെ തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്നുമാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നിലപാട്.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള രാഷ്ട്രീയ തർക്കം ശക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾക്കിടെ പ്രതിഷേധം തടയാൻ സ്വീകരിച്ച നടപടികൾ രാജ്യത്ത് പൗരാവകാശങ്ങളെയും സമാധാനപരമായ പ്രതിഷേധത്തിനുള്ള സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *