ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി താഴ്ന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതോടെ ബ്രെന്റ് ക്രൂഡോയിൽ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും എണ്ണവിപണന കമ്പനികൾ ഇന്ധനവിലയിൽ ഉടൻ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല.
അന്താരാഷ്ട്ര വിപണിയിലെ വിലയിലെ ദിവസേനയുള്ള മാറ്റങ്ങൾ കണക്കാക്കിയാണ് ആഭ്യന്തര ഇന്ധനവില നിശ്ചയിക്കാത്തത്. ക്രൂഡോയിൽ ദീർഘകാലം കുറഞ്ഞ നിരക്കിൽ തുടരുമെന്ന് ഉറപ്പായതിനുശേഷം മാത്രമാണ് എണ്ണക്കമ്പനികൾ വില പുനഃപരിശോധിക്കുന്നത്. സമീപകാലത്ത് ഉണ്ടായ നഷ്ടം നികത്തുന്നതും കമ്പനികളുടെ പ്രധാന പരിഗണനകളിലൊന്നാണ്.
അതേസമയം, ക്രൂഡോയിൽ വില കുറഞ്ഞ നിലയിൽ തുടരുകയാണെങ്കിൽ വരും ആഴ്ചകളിലോ മാസങ്ങളിലോ ഇന്ധനവിലയിൽ ആശ്വാസം ലഭിക്കാനിടയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വിലയിൽ ഉടൻ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന.

