വൈദ്യുതി ബില്ലിൽ ഇളവ്; മികച്ച ഓഫറുകൾ സ്വീകരിച്ചാൽ വർഷം 500 ഡോളർ വരെ ലാഭിക്കാം

മെൽബൺ: ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം കുടുംബങ്ങളും നിലവിൽ തങ്ങളുടെ വൈദ്യുതി കമ്പനികൾ നൽകുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലല്ല ഉള്ളതെന്ന് പുതിയ റിപ്പോർട്ടുകൾ. വൈദ്യുതി കമ്പനികൾ നൽകുന്ന ‘മികച്ച ഓഫറുകൾ’ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഓരോ കുടുംബത്തിനും വർഷം ശരാശരി 291 ഡോളർ മുതൽ 490 ഡോളർ വരെ ലാഭിക്കാൻ സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) വ്യക്തമാക്കുന്നു.

രാജ്യത്തെ ഏകദേശം 6.7 മില്യൺ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ നിലവിൽ ഇത്തരത്തിലുള്ള ‘മികച്ച ഓഫർ’ സംബന്ധിച്ച അറിയിപ്പുകൾ അച്ചടിക്കുന്നുണ്ടെന്ന് എ.സി.സി.സി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അതായത്, രാജ്യത്തെ നാലിൽ മൂന്ന് കുടുംബങ്ങളും നിലവിൽ അമിത തുകയാണ് വൈദ്യുതിക്കായി ചിലവഴിക്കുന്നത്. എല്ലാ ഉപഭോക്താക്കളും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറുകയാണെങ്കിൽ രാജ്യത്തിന് ആകെ 1.9 ബില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്ന് സാമ്പത്തിക വിശകലന സൈറ്റായ ‘കാൻസ്റ്റാർ’ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്ററുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഉപഭോക്താക്കൾക്ക് നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ലഭ്യമാണെങ്കിൽ ആ വിവരം ഓരോ 100 ദിവസത്തിലും ബില്ലിലൂടെ അറിയിക്കാൻ കമ്പനികൾക്ക് നിയമപരമായ ബാധ്യതയുണ്ട്. പഴയ പ്ലാനിന്റെ അതേ പേരിൽ തന്നെ പുതിയ നിരക്കുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ ആ വിവരവും ഉപഭോക്താക്കളെ അറിയിക്കണം. നിലവിൽ 27 ശതമാനം ഉപഭോക്താക്കളും ഒരേ പേരുള്ള പ്ലാനുകളുടെ പഴയ നിരക്കിലാണ് പണമടയ്ക്കുന്നത്.

ഡിസംബർ 30 മുതൽ ഇത്തരം അറിയിപ്പുകൾ വെറും ബില്ലിൽ മാത്രം ഒതുക്കാതെ, ഉപഭോക്താക്കൾക്ക് അയക്കുന്ന ഇമെയിലിന്റെയോ കത്തിന്റെയോ പ്രധാന ഭാഗത്ത് തന്നെ ഉൾപ്പെടുത്തണമെന്ന് നിയമം വരികയാണ്. ഫെഡറൽ ഗവൺമെന്റ് നൽകിവന്നിരുന്ന വൈദ്യുതി റിബേറ്റുകൾ അവസാനിച്ചതോടെ പല കുടുംബങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ, ഒരു ഫോൺ കോളിലൂടെ തങ്ങളുടെ പ്ലാൻ മാറ്റുന്നത് വലിയ ആശ്വാസമാകുമെന്ന് വിദഗ്ധർ പറയുന്നു. സ്വന്തം കമ്പനിയുടെ മികച്ച ഓഫറിലേക്ക് മാറുന്നതിനൊപ്പം തന്നെ, മറ്റ് കമ്പനികളുടെ നിരക്കുകൾ കൂടി താരതമ്യം ചെയ്യുന്നത് കൂടുതൽ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്ന് കാൻസ്റ്റാർ ഡാറ്റാ ഇൻസൈറ്റ്സ് ഡയറക്ടർ സാലി ടിൻഡാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *