തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഡിഎംകെ; രഹസ്യ മന്ത്രിസഭാ യോഗങ്ങളിൽ അനധികൃതരുടെ പങ്കാളിത്തമെന്ന് പരാതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഡിഎംകെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. മന്ത്രിസഭയുടെ രഹസ്യയോഗങ്ങളിൽ അനുമതിയില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പതിവായി പങ്കെടുത്തതായും സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയതായുമാണ് പരാതിയിലെ ആരോപണം.

ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി നൽകിയ പരാതിയിൽ ജോൺ അറോക്കിയസാമി, വിഷ്ണു റെഡ്ഡി എന്നിവരുടെ പേരുകളാണ് പരാമർശിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗങ്ങൾ, ഉന്നതതല അവലോകന യോഗങ്ങൾ, മറ്റ് രഹസ്യ സർക്കാർ ചർച്ചകൾ എന്നിവയിൽ ഇവർ അനധികൃതമായി പങ്കെടുത്തതിലൂടെ ഔദ്യോഗിക രഹസ്യനിയമവും ഭരണഘടനാപരമായ ചുമതലകളും ലംഘിക്കപ്പെട്ടുവെന്നാണ് ഡിഎംകെയുടെ ആരോപണം. പരാതിക്കൊപ്പം ഇവർ യോഗങ്ങളിൽ പങ്കെടുത്തതായി പറയുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമർപ്പിച്ചതായും ഡിഎംകെ അറിയിച്ചു.

ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് സർക്കാർ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *