വാഷിംഗ്ടൺ: ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നതിനെ മാർപ്പാപ്പ പിന്തുണയ്ക്കുന്നുവെന്നും ഇത് ലോകമെമ്പാടുമുള്ള കത്തോലിക്കരെ അപകടത്തിലാക്കുമെന്നും ട്രംപ് ആരോപിച്ചു. ഒരു പ്രമുഖ റേഡിയോ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ പരാമർശം.
“ഇറാൻ ആണവായുധം നിർമ്മിക്കുന്നതിൽ മാർപ്പാപ്പയ്ക്ക് കുഴപ്പമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് കത്തോലിക്കരെയും ലോകത്തെ തന്നെയും വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്,” ട്രംപ് പറഞ്ഞു. എന്നാൽ ഇറാൻ ആണവായുധം നേടുന്നതിനെ അനുകൂലിച്ചുകൊണ്ട് മാർപ്പാപ്പ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഇസ്രായേൽ-യുഎസ് സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തെ മാർപ്പാപ്പ നേരത്തെ അപലപിക്കുകയും സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വത്തിക്കാനിലെത്തി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ഈ പുതിയ കടന്നാക്രമണം. ട്രംപും വത്തിക്കാനും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാനാണ് റൂബിയോയുടെ സന്ദർശനം ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, മാർപ്പാപ്പയെ പിന്തുണച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെയും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറ്റലിയിലെ അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മാർപ്പാപ്പയുടെ നിലപാടുകളെ വിമർശിച്ചു. വത്തിക്കാൻ ധാർമ്മിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകുമെന്നും യുദ്ധം പോലുള്ള വിഷയങ്ങളിൽ മാർപ്പാപ്പ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ചുമതലയേറ്റ ഷിക്കാഗോ സ്വദേശിയായ ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ഒന്നാം വാർഷിക വേളയിലാണ് അമേരിക്കൻ ഭരണകൂടവും വത്തിക്കാനും തമ്മിലുള്ള ബന്ധം ഇത്രയേറെ വഷളായിരിക്കുന്നത്.

