ചണ്ഡീഗഡ്: ഡല്‍ഹി സ്‌ഫോടനകേസിലെ മുഖ്യ പ്രതി ഡോ. ഉമര്‍ നബിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റൊരു ഡോക്ടര്‍ പത്താന്‍കോട്ടില്‍ അറസ്റ്റില്‍. വൈറ്റ് മെഡിക്കല്‍ കോളജില്‍ സര്‍ജനായി ജോലി നോക്കി വന്നിരുന്ന ഡോ. റയീസ് അഹമ്മദ് ഭട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. കേസ് സംബന്ധമായ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്ന ഡോക്ടര്‍മാരുമായും അല്‍ ഫലാ മെഡിക്കല്‍ കോളജുമായും ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡോ. റയീസ് വൈറ്റ് മെഡിക്കല്‍ കോളജിലാണ് ജോലി ചെയ്യുന്നത്. ജമ്മു കാശ്മീരിലെ അനന്ത് നാഗ്, ബോണ ഡയല്‍ഗാം സ്വദേശിയാണ് ഡോ. റയീസ് അഹമ്മദ് ഭട്ട്.
വൈറ്റ് കോളര്‍ ഭീകരവാദ മോഡ്യൂള്‍ എന്നു സംശയിക്കുന്ന ഡോക്ടര്‍ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ അല്‍ ഫലാഹ് സര്‍വകലാശാലയിലെ നിലവിലെ ഡോക്ടര്‍മാരെയും മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരെയും കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് ജോലി ഉപേക്ഷിച്ചു പോയവരും അന്വേഷണത്തിന്റെ റഡാറിലാണുള്ളത്. ഇവര്‍ ജോലി ഉപേക്ഷിക്കാനുള്ള കാരണമാണിപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നത്.

