ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ പ്രതികളിലും വച്ച് ഏറ്റവും വലിയ വര്‍ഗീയ തീവ്രവാദി ചാവേറായി പൊട്ടിത്തെറിച്ച ഡോ. ഉമര്‍ നബിയായിരുന്നെന്ന് അല്‍ ഫല മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. അറസ്റ്റിലായവരില്‍ രണ്ടു ഡോക്ടര്‍മാരും ചാവേറും അല്‍ ഫലയിലെ മെഡിക്കല്‍ കോളജില്‍ അധ്യാപകരാണ്. വിദ്യാര്‍ഥികളുമായുള്ള അഭിമുഖം ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കടുത്ത താലിബാന്‍ ആരാധകനായിരുന്നു ഉമര്‍ നബി. ഇയാള്‍ ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നതിനു പോലും അനുവദിച്ചിരുന്നില്ല. ഇവര്‍ക്കിടയില്‍ എല്ലായ്‌പോഴും വേര്‍തിരിവ് ആവശ്യമാണെന്ന് ക്ലാസില്‍ സദാ പറഞ്ഞു പോന്നു. ക്ലാസെടുക്കുന്നതിനിടയില്‍ പോലും താലിബാന്‍ ഭരണത്തെ പ്രകീര്‍ത്തിക്കുന്നതു പതിവായിരുന്നു. സാധാരണ ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് ഇരിക്കാറുള്ളതെങ്കിലും ഡോ. ഉമറിന്റെ ക്ലാസില്‍ മാത്രം രണ്ടിടത്തായി മാറി ഇരിക്കുകയായിരുന്നു പതിവ്.
കോളജിന്റെ ഹോസ്റ്റലിലായിരുന്നു ഡോ. ഉമറിന്റെ താമസം. പൊതുവേ അന്തര്‍മുഖനായിരുന്നു ഇയാള്‍. വളരെ പ്രതീക്ഷയോടെയാണ് എംബിബിഎസ് പഠനത്തിന് എത്തിയതെങ്കിലും ക്ലാസുകള്‍ ഒരിക്കലും തൃപ്തികരമായിരുന്നില്ല. പ്രാക്ടിക്കലുകള്‍ പോലും കൃത്യം എണ്ണം നടത്തുന്ന പതിവുമില്ല. അധ്യാപനത്തില്‍ ഡോ. ഉമര്‍ വളരെ പിന്നോക്കവുമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

