മോസ്കോ: റഷ്യൻ സാങ്കേതികവിദ്യാ കമ്പനിയായ യാൻഡെക്സിന്റെ ഡാറ്റാ സെന്ററിനു നേരെ ഡ്രോൺ ആക്രമണം. റഷ്യയിലെ റയസാൻ മേഖലയിലെ സസോവോ പട്ടണത്തിലുള്ള കേന്ദ്രത്തിലാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമണത്തെത്തുടർന്ന് തീപിടിത്തമുണ്ടായത്. ഇതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിൽ ഡാറ്റാ സെന്ററിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണെന്നും തകരാറിലായ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും യാൻഡെക്സ് അറിയിച്ചു. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയുമോയെന്ന് ഇപ്പോൾ വ്യക്തമല്ലെന്ന് കമ്പനി പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയിലെ പ്രധാന ഡിജിറ്റൽ സേവനദാതാക്കളിലൊന്നായ യാൻഡെക്സിന് അഞ്ച് പ്രധാന ഡാറ്റാ സെന്ററുകളുണ്ട്. പതിനായിരക്കണക്കിന് സെർവറുകൾ പ്രവർത്തിക്കുന്ന സസോവോ കേന്ദ്രത്തിൽ കമ്പനിയുടെ നിർമിതബുദ്ധി വികസനത്തിന് ഉപയോഗിക്കുന്ന മൂന്ന് സൂപ്പർകമ്പ്യൂട്ടറുകളിൽ രണ്ടെണ്ണം സ്ഥിതിചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവയ്ക്ക് എത്രത്തോളം കേടുപാടുകൾ സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല.
ആക്രമണത്തെത്തുടർന്ന് യാൻഡെക്സ് ക്ലൗഡിന്റെ ചില സേവനങ്ങളിൽ തടസ്സമുണ്ടായി. ഉപയോക്താക്കളോട് മറ്റ് ലഭ്യമായ ഡാറ്റാ സെന്റർ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ മാറ്റാൻ കമ്പനി നിർദേശിച്ചു. എന്നാൽ കമ്പനിയുടെ പ്രധാന ഉപഭോക്തൃ സേവനങ്ങളെ ബാധിച്ചിട്ടില്ലെന്ന് യാൻഡെക്സ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിൽ യുക്രെയ്നാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും യുക്രെയ്ൻ സൈന്യം ഔദ്യോഗികമായി ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. റഷ്യൻ അധികൃതർ റയസാൻ മേഖലയ്ക്കു മുകളിൽ ഡ്രോണുകൾ വെടിവച്ചിട്ടതായി അറിയിച്ചെങ്കിലും ഡാറ്റാ സെന്ററിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വിശദമായ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
റഷ്യയും യുക്രെയ്നും പരസ്പരം നടത്തുന്ന ദീർഘദൂര ആക്രമണങ്ങൾ ഊർജകേന്ദ്രങ്ങൾക്കും തുറമുഖങ്ങൾക്കും പുറമേ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലേക്കും വ്യാപിക്കുന്നതിനിടെയാണ് സംഭവം. യുക്രെയ്നിലെ ഡാറ്റാ സെന്ററുകൾക്കും ടെലികോം സംവിധാനങ്ങൾക്കും നേരെ റഷ്യ അടുത്തിടെ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെയാണ് റഷ്യയിലെ പ്രധാന ഡാറ്റാ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

