സിയോൾ: സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികളിലുണ്ടായ വ്യാപക വിറ്റഴിക്കലിനെ തുടർന്ന് ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി സൂചികയായ കോസ്പി (KOSPI) ചൊവ്വാഴ്ച കനത്ത ഇടിവ് രേഖപ്പെടുത്തി. ഏകദേശം 10.84 ശതമാനം ഇടിഞ്ഞ സൂചിക 6,023.66 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ച് ആദ്യവാരത്തിനുശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവാണിത്. വ്യാപാരത്തിനിടെ ഇടിവ് 11 ശതമാനത്തിലധികമായതിനെ തുടർന്ന് വിപണിയിൽ സർക്യൂട്ട് ബ്രേക്കറും പ്രാബല്യത്തിൽ വന്നു.
ദക്ഷിണ കൊറിയയിലെ പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ സാംസങ് ഇലക്ട്രോണിക്സിന്റെയും എസ്‌കെ ഹൈനിക്‌സിന്റെയും ഓഹരികളിലുണ്ടായ കനത്ത ഇടിവാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ചൈനയിലെ മെമ്മറി ചിപ്പ് കമ്പനിയായ സിഎക്സ്എംടി (CXMT)യുടെ ശക്തമായ വിപണി അരങ്ങേറ്റവും ചൈനയുടെ സെമികണ്ടക്ടർ സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരിൽ അനിശ്ചിതത്വം വർധിപ്പിച്ചതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ജൂലൈ മാസത്തിൽ മാത്രം കോസ്പി സൂചിക ഏകദേശം 29 ശതമാനം ഇടിഞ്ഞതായും ഇത് 1997ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചപ്പോൾ ചെറുകിട നിക്ഷേപകർ വാങ്ങൽ തുടരുകയായിരുന്നു.

