ദുബായ്: പൊതുഗതാഗതത്തില്‍ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത നൂതന ഗവേഷണങ്ങള്‍ക്കും പദ്ധതികള്‍ക്കും വേദിയൊരുക്കുന്ന യുഎഇ ഈ മേഖലയില്‍ തങ്ങളുടെ മുന്നേറ്റം ലോകത്തെ അറിയിക്കുന്നതിനും പുതിയ ഗവേഷണ നേട്ടങ്ങള്‍ മനസിലാക്കുന്നതിനും അവസരമൊരുക്കി ആഗോള പൊതുഗതാഗത ഉച്ചകോടി നടത്തുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തിലാണ് നൂറോളം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി. റെയില്‍ ബസും കേബിള്‍ കാറും ഉള്‍പ്പെടെയുള്ള പുതുതലമുറ യാത്രാമാര്‍ഗങ്ങള്‍ സ്വന്തം നാടിനു പരിചയപ്പെടുത്താന്‍ ഈ ഉച്ചകോടി അവസരമൊരുക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
പറക്കുന്ന ടാക്സികള്‍, ഡ്രൈവറില്ലാത്ത കാറുകള്‍, എത്തിഹാദിന്റെ യാത്രാ ട്രെയിനുകള്‍ തുടങ്ങി പൊതു ഗതാഗതത്തില്‍ യുഎഇ പരീക്ഷിക്കുന്നതോ പരീക്ഷണ ഘട്ടത്തിലിരിക്കുന്നതോ ആയ കാര്യങ്ങള്‍ നിരവധിയാണ്. ഇതിന്റെ അടുത്ത പടിയാണ് പൊതുഗതാഗത ഉച്ചകോടി. ക്ഷണം കിട്ടുന്ന രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍, നയരൂപീകരണ വിദഗ്ധര്‍, സാങ്കേതിക വിദ്യാ വിദഗ്ധര്‍ എന്നിവരെല്ലാം ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ ഈ മേഖലയിലെ നൂറു കണക്കിനു സ്ഥാപനങ്ങളെയും പ്രതീക്ഷിക്കുന്നുണ്ട്.
ദുബായ് നഗരത്തിന്റെ ഭാവിയിലെ പൊതു ഗതാഗതം, സ്മാര്‍ട്ട് ഗതാഗത സംവിധാനങ്ങള്‍, തുടങ്ങിയവ ഈ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചകളാവും. ഓരോ രാജ്യത്തിലും ഈ മേഖലയില്‍ നടക്കുന്ന പുതുതലമുറ പരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ടായിരിക്കും.

