ഇസ്രയേലിൽ 4.5 തീവ്രതയിൽ ഭൂചലനം; വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ ഈലാത്ത് നഗരത്തിന് സമീപം റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച (നവംബർ 11) രാവിലെ 11.24-ഓടെയാണ് ഭൂചലനമുണ്ടായത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ഭൂചലന മുന്നറിയിപ്പ് നൽകിയ അധികൃതർ റാമോൺ വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

ഇസ്രയേലിന്റെ ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തലനുസരിച്ച് ഈലാത്തിൽനിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈജിപ്തിലെ സിനായ് ഉപദ്വീപിലെ താബ പ്രദേശത്തിന് സമീപമായിരുന്നു ഭൂചലനമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം.

ഈലാത്ത്, ഈലോട്ട്, ബീർ ഓറ, എലിഫാസ്, ടിംന ഖനനമേഖല തുടങ്ങിയ തെക്കൻ ഇസ്രയേൽ പ്രദേശങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡ് ജനങ്ങളോട് സുരക്ഷിതമായ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശിച്ചു.

ഭൂചലനത്തെത്തുടർന്ന് റാമോൺ വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലെ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പരിശോധന നടത്തിയശേഷം സർവീസുകൾ പുനരാരംഭിച്ചതായി ഇസ്രയേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ടെൽ അവീവിന് സമീപമുള്ള ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഭൂചലനം ബാധിച്ചില്ല.

ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളത്തിൽ ചില ചില്ലുകൾ തകർന്നതായുള്ള റിപ്പോർട്ടുകളുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രയേലിനും ജോർദാനും ഈജിപ്തിനും ഇടയിലുള്ള ഗൾഫ് ഓഫ് അഖാബ മേഖല ഭൂകമ്പസാധ്യതയുള്ള പ്രദേശമാണ്. 1995 നവംബറിൽ ഈ മേഖലയിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *