തിരുവനന്തപുരം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ചട്ടം കേരള ഹൈക്കോടതി റദ്ദാക്കി. സ്ത്രീകളുടെ മൗലികാവകാശങ്ങൾക്കും തൊഴിൽ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള ലംഘനമാണ് ഈ വിലക്കെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. 2002-ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സുരക്ഷയുടെ പേരിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47-കാരി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവ് 2024-ൽ മരണപ്പെട്ടിരുന്നു. തുടർന്ന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം ഇവർ കള്ളുഷാപ്പിൽ ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്ക് തൊഴിൽ വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീകളെ ചൂഷണത്തിൽ നിന്നും തൊഴിൽസ്ഥലത്തെ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് നിയന്ത്രണമെന്നായിരുന്നു സർക്കാരിന്റെ വാദം. കള്ളുഷാപ്പുകൾ പലപ്പോഴും വിദൂര സ്ഥലങ്ങളിലായതിനാൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കള്ളുഷാപ്പുകളിലെ തൊഴിൽ സാഹചര്യങ്ങളും വിദേശമദ്യ വിൽപനശാലകളിലെ സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസൻസിയും ഹർജിയെ എതിർത്തു. എന്നാൽ, സുരക്ഷ മുൻനിർത്തി എല്ലാ സ്ത്രീകൾക്കും തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാദ ചട്ടം റദ്ദാക്കുകയായിരുന്നു.

