ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ‘വികസിത് ഭാരത് – ജി റാം ജി’ (VB-G RAM G) നിയമത്തിന്റെ കരട് ചട്ടങ്ങൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിവിധ പങ്കാളികൾക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അടുത്ത മാസം (ജൂൺ) 21-നകം സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടാണ് ‘വികസിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ഉപജീവന മിഷൻ (ഗ്രാമീൺ)’ അഥവാ VB-G RAM G നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പ്രതിവർഷം ഒരു ഗ്രാമീണ കുടുംബത്തിന് ലഭിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം നിലവിലെ 100 ദിവസത്തിൽ നിന്നും 125 ദിവസമായി ഉയർത്തും. പുതിയ നിയമം വരുന്ന ജൂലൈ 1 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.
നിലവിലുള്ള പദ്ധതിയിൽ നിന്നും പുതിയ നിയമത്തിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിനുള്ള താൽക്കാലിക വ്യവസ്ഥകൾ, വേതന വിതരണം, പരാതി പരിഹാര സംവിധാനങ്ങൾ, ഗ്രാമീൺ റോസ്ഗാർ ഗ്യാരന്റി കൗൺസിലിന്റെ രൂപീകരണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള കരട് ചട്ടങ്ങൾ. നിലവിൽ ഇ-കെവൈസി (e-KYC) പൂർത്തിയാക്കിയ അർഹരായ തൊഴിലാളികളുടെ ജോബ് കാർഡുകൾ പുതിയ കാർഡുകൾ ലഭിക്കുന്നത് വരെ താൽക്കാലികമായി തുടരുമെന്നും കരടിൽ വ്യക്തമാക്കുന്നു. ലഭിക്കുന്ന നിർദ്ദേശങ്ങളും വിലയിരുത്തലുകളും കൂടി പരിഗണിച്ച ശേഷമാകും നിയമത്തിന്റെ അന്തിമ ചട്ടങ്ങൾക്ക് രൂപം നൽകുക.

