14 വർഷത്തെ ഓസ്‌ട്രേലിയൻ ജീവിതത്തിന് വിട; എസ്.ബി.എസ്. മലയാളത്തിന്റെ ശബ്ദമായ ദീജു ശിവദാസിന് സിഡ്നിയിൽ ഊഷ്മളമായ യാത്രയയപ്പ് നല്കി

സിഡ്നി: ഒന്നര പതിറ്റാണ്ടുകാലത്തെ ഓസ്‌ട്രേലിയൻ പ്രവാസജീവിതത്തിന് വിരാമമിട്ട് മാധ്യമപ്രവർത്തകൻ ദീജു ശിവദാസ് നാട്ടിലേക്ക് മടങ്ങുന്നു. എസ്.ബി.എസ്. മലയാളം റേഡിയോയുടെ തുടക്കം മുതൽ ശ്രോതാക്കൾക്ക് സുപരിചിതനായ ദീജുവിന് സിഡ്നിയിലെ മലയാളി സമൂഹവും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ അദ്ദേഹത്തോടുള്ള സ്നേഹോഷ്മളമായ ആദരസൂചകമായി ഉപഹാരവും (മെമന്റോ) സമ്മാനിച്ചു. 14 വർഷത്തെ ഓസ്‌ട്രേലിയൻ ജീവിതം പൂർത്തിയാക്കി ഇനി ജന്മനാടായ കേരളത്തിൽ തങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നാട്ടിലെത്തിയ ശേഷം ഏഷ്യാനെറ്റിൽ വീണ്ടും ചുമതലയേൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓസ്ട്രേലിയന്‍ പൊതുമേഖലാ മാധ്യമസ്ഥാപനമായ സ്പെഷ്യല്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക മലയാളം വിഭാഗമാണ് എസ് ബി എസ്.ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ ലക്ഷ്യമിട്ട് വാര്‍ത്തകളും വിശകലനങ്ങളും സാംസ്‌കാരിക പരിപാടികളും എത്തിക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു.

2013 മെയ് 16-ന് എസ്.ബി.എസ്. മലയാളം ആദ്യമായി പ്രക്ഷേപണം ആരംഭിച്ചതുമുതൽ ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രിയങ്കരനായ ശബ്ദമായിരുന്നു ദീജു ശിവദാസ്. മുൻപ് ഏഷ്യാനെറ്റിൽ പ്രവർത്തിച്ചുള്ള മാധ്യമ പരിചയവും പ്രൊഫഷണലിസവുമായിരുന്നു . എസ്ബി എസില്‍ മലയാളത്തിന്റെ അടിത്തറ പാകാന്‍ ദീജു വിനെ സഹായിച്ചത്‌

പക്ഷപാതരഹിതവും ആധികാരികവുമായ വാർത്തകളിലൂടെ എസ്.ബി.എസ്. മലയാളത്തെ വിശ്വസനീയമായ മാധ്യമമാക്കി മാറ്റുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. റേഡിയോയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഹൃദയസ്പർശിയായ റിപ്പോർട്ടുകളും എക്സ്ക്ലൂസീവ് സ്കൂപ്പുകളുമാണ് അദ്ദേഹം ശ്രോതാക്കളിലേക്ക് എത്തിച്ചത്. പ്രത്യേക റിപ്പോർട്ടുകൾ തയ്യാറാക്കി ഓസ്‌ട്രേലിയൻ പൊതുസമൂഹത്തിലേക്ക് കേരളത്തെയും മലയാളി സമൂഹത്തെയും അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.

സിഡ്നിയിലെ മലയാളി സമൂഹവുമായി ആഴത്തിലുള്ള ആത്മബന്ധം പുലർത്തുകയും അവരുടെ സുഖദുഃഖങ്ങളും ശബ്ദവും ലോകത്തിന് മുന്നിൽ എത്തിക്കുകയും ചെയ്ത ദീജുവിനോടുള്ള നന്ദിയും സ്നേഹവും പങ്കുവെക്കുന്നതായിരുന്നു യാത്രയയപ്പ് സംഗമം. അദ്ദേഹത്തിന്റെ തുടർജീവിതത്തിനും പുതിയ ഔദ്യോഗിക പദവികൾക്കും സഹപ്രവർത്തകരും സുഹൃത്തുക്കളും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ഓസ്‌ട്രേലിയയിലേക്ക് ഇനിയും അതിഥിയായി എത്തണമെന്ന സ്നേഹാഭ്യർത്ഥനയും അവർ പങ്കുവെച്ചു.

പ്രവാസിയായി എത്തിയ കാലം മുതൽ ദീജു ശിവദാസിന് ജ്യേഷ്ഠസഹോദരനെപ്പോലെ ഒപ്പംനിന്ന കെ. പി. ജോസ്, എമി തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. എസ്.ബി.എസും ഓസ്‌ട്രേലിയയും വിട്ട് ഏഷ്യാനെറ്റിലേക്ക് മടങ്ങുന്ന ദീജു ശിവദാസിന് എല്ലാവിധ ആശംസകളും നേരുന്നതായും, പ്രൊഫഷണലിസവും പാഷനും മുറുകെപ്പിടിച്ച് ഇനിയും ഒട്ടനവധി മികച്ച സ്റ്റോറികൾക്ക് ജന്മം നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും മലയാളിപത്രം ചീഫ് എഡിറ്റർ ഡോക്ടർ ബാബു ഫിലിപ്പ് അഞ്ചനാട്ട് ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *