ദുബായ്: ഫ്ലൈദുബായ് വിമാനത്തിലെ അടിയന്തര സാഹചര്യത്തിൽ ധൈര്യത്തോടെയും മനസ്സാന്നിധ്യത്തോടെയും ഇടപെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനം. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ എഫ്സെഡ്1073 വിമാനത്തിലായിരുന്നു സംഭവം.
വിമാനം യാത്രയ്ക്കിടെ കോക്പിറ്റിൽ സഹപൈലറ്റുമായി സംഘർഷമുണ്ടായി. സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റെങ്കിലും കോക്പിറ്റ് വാതിൽ തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു. തുടർന്ന് യാത്രക്കാരും വിമാനത്തിലെ മറ്റ് ജീവനക്കാരും ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. 174 പേരുമായി പറന്ന വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. സ്മിത് മച്ചാർ തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മിത് മച്ചാറിന്റെ കുടുംബവുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തെ ‘യഥാർഥ ഹീറോ’ എന്ന് വിശേഷിപ്പിച്ച് അഭിനന്ദിച്ചു.
മുംബൈ സ്വദേശിയായ സ്മിത് മച്ചാർ ആദ്യം കുടുംബത്തിന്റെ ടെക്സ്റ്റൈൽ ബിസിനസിൽ ചേരാനായിരുന്നു ആലോചിച്ചിരുന്നത്. 19-ാം വയസിൽ വ്യോമയാന മേഖലയോട് താൽപര്യം തോന്നിയതിനെ തുടർന്നാണ് പൈലറ്റ് പരിശീലനം നേടിയത്. ന്യൂസിലൻഡിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സ്പൈസ്ജെറ്റിൽ 11 വർഷത്തോളം പ്രവർത്തിച്ച ശേഷം 2022ൽ ഫ്ലൈദുബായിൽ ചേർന്നു. ഏകദേശം 15 വർഷത്തെ കരിയറിൽ 9,750 മണിക്കൂറോളം പറക്കൽ പരിചയമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ സ്മിത് മച്ചാറിന് പരിക്കേറ്റ സാഹചര്യത്തിലും വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കുന്നതിൽ മറ്റ് ജീവനക്കാരുടെയും യാത്രക്കാരുടെയും ഇടപെടൽ നിർണായകമായി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

