തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി വിഭാവനം ചെയ്യുന്ന സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഗതാഗത വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പദ്ധതിയുടെ പ്രായോഗിക വശങ്ങളും തുടർനടപടികളും ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഗതാഗത മന്ത്രി സി.പി. ജോൺ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ വനിതകളുടെ സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്ന ഈ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകാൻ സാധ്യതയുള്ള അധിക സാമ്പത്തിക ബാധ്യതയും അത് മറികടക്കാനുള്ള മാർഗ്ഗങ്ങളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനും സ്ത്രീസൗഹൃദ യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള പ്രഖ്യാപനം എത്രയും വേഗം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

