നഴ്‌സിങ്ങിൽ നിന്ന് ചലച്ചിത്ര സംവിധാനത്തിലേക്ക്; രാജ്യാന്തര വേദികളിൽ ശ്രദ്ധേയമായി മലയാളി വനിത ഇന്ദു എം. സുകുമാരന്റെ ‘ഡെസ് വെലർ’

മെൽബൺ : പ്രതികൂല സാഹചര്യങ്ങളും തിരക്കുപിടിച്ച പ്രവാസ ജീവിതവും സ്വപ്‌നങ്ങൾക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഓസ്‌ട്രേലിയയിൽ നഴ്‌സായ മലയാളി വനിത ഇന്ദു എം. സുകുമാരൻ. എറണാകുളം സ്വദേശിയായ ഇന്ദു രചനയും സംവിധാനവും നിർവഹിച്ച ‘ഡെസ് വെലർ’ എന്ന ഹ്രസ്വചിത്രം ഇതിനോടകം പതിനെട്ടോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും 22-ഓളം പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്‌ത് ശ്രദ്ധേയമായി.

വിവാഹശേഷമാണ് ഇന്ദു ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കുന്നത്. ചെറുപ്പം മുതലേ മനസ്സിലുള്ള സിനിമാമോഹങ്ങൾക്ക് ചിറകുനൽകാൻ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ സംഘടിപ്പിക്കപ്പെട്ട ചലച്ചിത്ര ശിൽപ്പശാലകളാണ് വഴിത്തിരിവായത്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ വൈശാഖിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന കളരിയിൽ പങ്കെടുത്തതോടെയാണ് സ്വന്തമായി ഒരു ചിത്രം ഒരുക്കാനുള്ള ധൈര്യം ലഭിച്ചതെന്ന് ഇന്ദു വ്യക്തമാക്കുന്നു.

തുറന്നുകാട്ടുക, ഉറക്കമില്ലാത്ത രാത്രികൾ എന്നീ അർത്ഥങ്ങൾ വരുന്ന സ്പാനിഷ് വാക്കാണ് ‘ഡെസ് വെലർ’. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം ജോൺ എന്ന അഭിഭാഷകന്റെ ജീവിതത്തിലൂടെയാണ് പുരോഗമിക്കുന്നത്. ജോണിന്റെ കുടുംബപ്രശ്നങ്ങളും, വെടിയേറ്റ ഒരു യുവാവിന്റെ കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഒരു തുടക്കക്കാരിയും വനിതയുമായതിനാൽ പലവിധ വെല്ലുവിളികളും അവഗണനകളും നേരിടേണ്ടി വന്നതായി ഇന്ദു വെളിപ്പെടുത്തി. തുടക്കത്തിൽ ഒപ്പമുണ്ടായിരുന്ന സാങ്കേതിക പ്രവർത്തകരുടെയും ക്യാമറാമാന്റെയും പിന്മാറ്റത്തെത്തുടർന്ന് സംവിധാനം, തിരക്കഥ, നിർമ്മാണ മേൽനോട്ടം, വസ്ത്രാലങ്കാരം, ലൊക്കേഷൻ കണ്ടെത്തൽ തുടങ്ങി ഭൂരിഭാഗം ഉത്തരവാദിത്തങ്ങളും ഇന്ദു ഒറ്റയ്ക്കാണ് നിർവഹിച്ചത്. ജോലികഴിഞ്ഞ് ലഭിച്ച ഒഴിവുസമയങ്ങളിലായിരുന്നു ചിത്രീകരണം. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ, സീറോ ബഡ്ജറ്റിൽ ആരംഭിച്ച ചിത്രീകരണത്തിന് പിന്നീട് പ്രാദേശിക ബിസിനസുകാരിൽ നിന്നുള്ള സ്പോൺസർഷിപ്പും ലഭിച്ചു. ഓസ്‌ട്രേലിയൻ ഫിലിം ആൻഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ സഹായവും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കേരളത്തിലാണ് പൂർത്തിയാക്കിയത്.

ജോമോൻ, സഞ്ജയ് മൂത്തേടൻ, ശ്രീജിത്ത് നായർ, ജയലക്ഷ്മി പണിക്കർ, സജി പഴയാറ്റിൽ, ഷീല ഷാജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിവേക് പ്രഭാകർ സംഗീതവും കൈലാഷ് എസ്. ഭവൻ എഡിറ്റിംഗും നിർവഹിച്ചു. എസ്.ജി. എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയത്.

സ്വീഡൻ ഫിലിം അവാർഡ്, കൂകൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗ്ലോബൽ സിനിവേഴ്സ്, സിറ്റന്നവാസൽ ഇന്റർനാഷണൽ, കളർടേപ്പ് ഇന്റർനാഷണൽ തുടങ്ങി നിരവധി ഫെസ്റ്റിവലുകളിലാണ് ചിത്രത്തിന് പുരസ്‌കാരങ്ങൾ ലഭിച്ചത്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഇതിനകം തന്നെ ജർമ്മൻ, ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാനുള്ള ഓഫറുകളും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ തന്റെ അടുത്ത ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലാണ് ഇന്ദുവിപ്പോൾ.

റിപ്പോര്‍ട്ട് :സഞ്ജയ് മൂത്തേടൻ

Leave a Reply

Your email address will not be published. Required fields are marked *