ഭാവനകൾക്ക് ചായം പകരാം; കനകക്കുന്നിൽ സന്ദർശകർക്കായി ഭീമൻ ക്യാൻവാസ്

തിരുവനന്തപുരം: കനകക്കുന്നിലെത്തുന്ന സന്ദർശകർക്ക് വെറുതെ മടങ്ങാതെ വേറിട്ടൊരു ആർട്ട് അനുഭവം കൂടി പങ്കുവെക്കാനുള്ള അവസരമൊരുക്കി ഓണാഘോഷ സംഘാടകർ. പൊതുജനങ്ങൾക്ക് തങ്ങളുടെ ഭാവനകൾ വരച്ചുചേർക്കാനായി വലിയൊരു പെയിന്റിംഗ് ക്യാൻവാസ് ബോർഡാണ് കനകക്കുന്ന് വളപ്പിൽ സ്ഥാപിച്ചിരിക്കുന്നത്.

കുട്ടികളും മുതിർന്നവരും അടക്കം നിരവധിപ്പേരാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ടേബിളിൽ നിന്ന് പെയിന്റും ബ്രഷുമെടുത്ത് ക്യാൻവാസിൽ ചായങ്ങൾ പകരുന്നത്. ഓണാശംസകളും വർണ്ണാഭമായ ഡിസൈനുകളും സ്വന്തം പേരുകളും കൊണ്ട് സന്ദർശകർ തന്നെ ഈ ബോർഡിനെ ഒരു വലിയ കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുകയാണ്. ഏഴുദിവസം നീണ്ടുനിൽക്കുന്ന വാരാഘോഷം കഴിയുന്നതോടുകൂടി ഇത് ഭീമമായ ഒരു ജനകീയ കലാസൃഷ്ടിയായി മാറും.

ഈ ജനകീയ ക്യാൻവാസിന് തൊട്ടരികിലായി സന്ദർശകരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ചുനൽകാൻ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികളുടെ സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. രണ്ടാം വർഷ വിദ്യാർത്ഥികളായ ശുഹൈബ്, അജിനാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ലൈവ് കാരിക്കേച്ചർ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെയെത്തുന്ന അതിഥികളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ഇവർ ലൈവായി വരച്ചുനൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *