ന്യൂയോർക്ക്: ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും പ്രശംസിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഗ്ലോബൽ സിറ്റിസൺ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് ഓസ്ട്രേലിയൻ സമൂഹത്തിന്റെ ശക്തിയായ വിവിധ ജനവിഭാഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഓസ്ട്രേലിയയിലെ തദ്ദേശീയരായ ഫസ്റ്റ് നേഷൻസ് ജനതയും അടങ്ങുന്ന ബഹുസ്വര സമൂഹം രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങളെ ഉൾക്കൊള്ളുന്നതാണ് ഓസ്ട്രേലിയൻ സമൂഹത്തിന്റെ സൗന്ദര്യമെന്നും ആഗോള ബന്ധങ്ങൾ ദൃഢമാക്കുന്നതിൽ ഈ സാംസ്കാരിക കൂട്ടായ്മ വലിയ കരുത്താണ് നൽകുന്നതെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആൽബനീസ് കൂട്ടിച്ചേർത്തു.

