ന്യൂയോര്‍ക്ക്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) രംഗത്തെ നല്ലകാലം അവസാനിക്കുകയാണെന്ന ഭീതിയില്‍ ആഗോള തലത്തില്‍ എഐ കമ്പനികളുമായി ബന്ധപ്പെട്ട ഓഹരികളില്‍ വന്‍ തകര്‍ച്ച. രാജ്യാന്തര തലത്തില്‍ നിക്ഷേപ രംഗത്തെ മുന്‍നിര സ്ഥാപനമായ പീറ്റര്‍ തീലിന്റെ തീല്‍ മാക്രോയാണ് ഈ തകര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. ആഗോള എഐ രംഗത്തെ മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ പതിനായിരം കോടി ഡോളറിന്റെ ഓഹരികളാണ് തീല്‍ മാക്രോ വിറ്റുമാറിയത്. എഐയുടെ തകര്‍ച്ച ആസന്നമായെന്ന ഭീതിയാണ് ഈ നീക്കത്തിനു പി്ന്നിലെന്നാണ് സൂചനകള്‍.
എന്‍വിഡിയയില്‍ 5,37,742 ഓഹരികളാണ് തീല്‍ മാക്രോയ്ക്ക് ഉണ്ടായിരുന്നത്. ഇതു മുഴുവന്‍ കൈയൊഴിഞ്ഞതോടെ ഇനി തീല്‍ മാക്രോയ്ക്ക് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഇലോണ്‍ മസ്‌കിന്റെ ടെസ്ല എന്നിവയില്‍ മാത്രമാണ് വന്‍തോതില്‍ ഓഹരി നിക്ഷേപം ശേഷിക്കുന്നത്. എന്‍വിഡിയയിലെ ഓഹരികള്‍ ഒന്നൊഴിയാതെ തീല്‍ മാക്രോ വിറ്റഴിച്ചത് സെപ്റ്റംബര്‍ മുപ്പതിനായിരുന്നെങ്കിലും എഐ വലിയൊരു കുമിള മാത്രമാണെന്ന ധാരണ വാള്‍ സ്ട്രീറ്റില്‍ ശക്തമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ആഗോള കോടീശ്വരന്‍ മാസയോഷി സണ്ണിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പും എന്‍വിഡിയയിലെ 580 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.
എന്‍വിഡിയയുടെ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പായി ആഗോള വിപണികള്‍ കനത്ത വില്‍പന സമ്മര്‍ദത്തിലായിരിക്കുകയാണ്. ഇന്നോ നാളെയോ എഐ കുമിള പൊട്ടിയില്ലെങ്കിലും ഇതിന് അധികം മുന്നോട്ട ആയുസില്ലെന്ന സൂചനകളാണ് ആല്‍ഫബെറ്റിന്റെ സിഇഓ സുന്ദര്‍ പിച്ചൈ പോലും നല്‍കുന്നത്.

