മെൽബൺ: പസഫിക് സമുദ്രത്തിൽ അതിശക്തമായ ‘ഗോഡ്‌സില്ല’ അല്ലെങ്കിൽ സൂപ്പർ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായും, ഈ വർഷം അവസാനത്തോടെ രാജ്യം കടുത്ത വരൾച്ചയെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാൻ തയ്യാറാകണമെന്നും ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സാധാരണയായി ഓരോ നാലോ അഞ്ചോ വർഷം കൂടുമ്പോൾ സംഭവിക്കാറുള്ള ഈ പ്രതിഭാസം ഓസ്‌ട്രേലിയയെ സംബന്ധിച്ച് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ഉയർന്ന താപനിലയ്ക്കും കഠിനമായ വരൾച്ചയ്ക്കും കാരണമാകുന്ന എൽ നിനോ, രാജ്യത്ത് കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രമുഖ ഭൗതികശാസ്ത്രജ്ഞ ഡോ. ഗെയ്ൽ ഐൽസ് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“വരണ്ട കാറ്റാണ് എൽ നിനോ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇത് സസ്യലതാദികളെയും വനങ്ങളെയും പൂർണ്ണമായി ഉണക്കി കരിയിക്കും. ഒരു ചെറിയ തീപ്പൊരി പോലും വൻ കാട്ടുതീയായി പടരാൻ ഇത് കാരണമാകും,” ഡോ. ഗെയ്ൽ പറഞ്ഞു. പസഫിക് സമുദ്രത്തിലെ താപനില വർദ്ധിക്കുന്നത് കാരണം ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ സാധാരണയായി മഴ എത്തിക്കാറുള്ള ഈർപ്പമുള്ള കിഴക്കൻ കാറ്റിന്റെ അളവ് കുറയുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതിന് മുൻപ് 2023-ലാണ് ഓസ്‌ട്രേലിയയിൽ എൽ നിനോ ഉണ്ടായത്.
നിലവിലെ സൂചനകൾ പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസങ്ങ ളിലൊന്നായി ഇത് മാറിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ സ്ഥിരീകരിച്ചു. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ താപനിലയിൽ ഇതിനകം തന്നെ 0.81 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് താപനിലയിൽ 0.8 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉണ്ടാകുന്ന വ്യതിയാനം എൽ നിനോയുടെ പ്രാരംഭ ലക്ഷണമായാണ് കണക്കാക്കുന്നത്. വരും മാസങ്ങളിൽ ഇത് കൂടുതൽ ശക്തമാകുമെന്നും ദക്ഷിണ അർദ്ധഗോളത്തിലെ ശരത്കാലം, വസന്തകാലം എന്നിവയിലുടനീളം തുടരുമെന്നും വെതർസോൺ കാലാവസ്ഥാ നിരീക്ഷകൻ ബെൻ ഡൊമെൻസിനോ വ്യക്തമാക്കി.
വരുന്ന നവംബർ (2026) മുതൽ 2027 ജനുവരി വരെയുള്ള കാലയളവിൽ ഈ പ്രതിഭാസം ‘അതിശക്തമായ’ രീതിയിലേക്ക് മാറാൻ 63 ശതമാനം സാധ്യതയുണ്ടെന്ന് അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും കടുത്ത വരൾച്ചയിലൂടെയും വിളനാശത്തിലൂടെയും അഞ്ച് കോടിയിലധികം ആളുകളുടെ മരണത്തിന് കാരണമാവുകയും ചെയ്ത 1877-ലെ എൽ നിനോയോട് കിടപിടിക്കുന്നതായിരിക്കും ഇതെന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്. പസഫിക് സമുദ്രോപരിതലത്തിലെ താപനിലയിൽ അന്ന് 2.7 ഡിഗ്രി സെൽഷ്യസ് മാത്രമാണ് വർദ്ധനവുണ്ടായതെങ്കിലും പല ഭൂഖണ്ഡങ്ങളിലായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് അത് വിതച്ചത്. വരാനിരിക്കുന്ന മാസങ്ങളിൽ ഓസ്‌ട്രേലിയൻ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്

