കാൻബറ: ഡിമെൻഷ്യ (സ്മൃതിനാശം) പോലുള്ള മസ്തിഷ്ക രോഗങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാർക്ക് നേരിട്ട് മുന്നറിയിപ്പ് കത്തുകളയച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ 50 വയസ്സ് തികഞ്ഞ 3,40,000 ആളുകൾക്കാണ് രോഗസാധ്യത മുൻകൂട്ടി കുറയ്ക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ ഓർമ്മിപ്പിച്ചുകൊണ്ട് സർക്കാർ കത്തയക്കുന്നത്. ഡിമെൻഷ്യ കേസുകളിൽ പകുതിയോളം മുൻകൂട്ടി തടയാനോ വൈകിപ്പിക്കാനോ സാധിക്കുമെന്ന വിദഗ്ദ്ധോപദേശത്തെ തുടർന്നാണ് രാജ്യത്ത് ചരിത്രത്തിലാദ്യമായി ഇത്തരമൊരു ബോധവൽക്കരണ പദ്ധതി ആരംഭിക്കുന്നത്.
ഭാവിയിൽ മസ്തിഷ്കാരോഗ്യം സംരക്ഷിക്കാൻ യുവതലമുറയെ ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ആദ്യത്തെ മുൻകരുതൽ നീക്കമാണിതെന്ന് പ്രായമായവരുടെ ക്ഷേമ വകുപ്പ് (Aged Care and Seniors) മന്ത്രി സാം റേ വ്യക്തമാക്കി. “നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൂ, ഡിമെൻഷ്യ സാധ്യത കുറയ്ക്കൂ” എന്ന ആഹ്വാനത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. ഡിമെൻഷ്യ ഓർമ്മശക്തിയെയും ചിന്താശേഷിയെയും മാനസികാവസ്ഥയെയും ബാധിക്കുമെന്നും എന്നാൽ ജീവിതശൈലിയിലൂടെ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ശാരീരിക വ്യായാമം ശീലമാക്കുക, സമീകൃതാഹാരം കഴിക്കുക, കേൾവി-കാഴ്ച പരിശോധനകൾ കൃത്യമായി നടത്തുക, ഹൃദയാരോഗ്യം സംരക്ഷിക്കുക, പ്രമേഹം നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, മദ്യപാനം പരിമിതപ്പെടുത്തുക, സാമൂഹിക-മാനസിക ഇടപെടലുകളിൽ സജീവമായി തുടരുക എന്നിവയാണ് രോഗസാധ്യത കുറയ്ക്കാനായി നിർദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ. 50 വയസ്സെന്നത് മസ്തിഷ്കാരോഗ്യം സംരക്ഷിക്കാൻ വളരെ ചെറിയ പ്രായമായി തോന്നാമെങ്കിലും ദീർഘകാല ആരോഗ്യം ഉറപ്പാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും മന്ത്രി പറഞ്ഞു.
ഹോളിവുഡ് താരം ക്രിസ് ഹെംസ്‌വർത്ത് തന്റെ ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ അൽഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്ന ജീൻ സാന്നിധ്യം തിരിച്ചറിയുകയും, അൽഷിമേഴ്‌സ് ബാധിതനായ പിതാവിനൊപ്പം ബോധവൽക്കരണം നടത്തുകയും ചെയ്തതോടെയാണ് വിഷയം കൂടുതൽ ജനശ്രദ്ധ നേടിയത്. 2026-ലെ ‘സീനിയർ ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പ്രൊഫസർ ഹെൻറി ബ്രോഡാറ്റി ഉൾപ്പെടെയുള്ള പ്രമുഖ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ത്വക്ക് ക്യാൻസറും ഹൃദ്രോഗവും കുറയ്ക്കാൻ ഓസ്‌ട്രേലിയക്കാർ പെരുമാറ്റമാറ്റങ്ങൾ വരുത്തിയതുപോലെ മസ്തിഷ്കാരോഗ്യം സംരക്ഷിക്കലും ഒരു പൊതുജനാരോഗ്യ പോരാട്ടമായി മാറണമെന്ന് പ്രൊഫസർ ബ്രോഡാറ്റി പറഞ്ഞു. ജീവിതശൈലി മാറ്റങ്ങളിലൂടെ ഒഴിവാക്കാനാകുന്ന ഘടകങ്ങളാണ് ഡിമെൻഷ്യ സാധ്യതയുടെ 45 ശതമാനത്തിനും കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ അഞ്ച് ലക്ഷത്തോളം ഓസ്‌ട്രേലിയക്കാർ ഡിമെൻഷ്യ ബാധിതരാണ്. 2024-ൽ ഇസ്കെമിക് ഹൃദ്രോഗത്തെ മറികടന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മരണകാരണമായി ഡിമെൻഷ്യ മാറിയിരുന്നു. 2065 ആകുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം 11 ലക്ഷമായി ഉയരുമെന്നാണ് പ്രവചനം. രോഗാരംഭം ഓരോ വർഷം വൈകിപ്പിക്കുമ്പോഴും കേസുകളിൽ 10 ശതമാനം കുറവ് വരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ക്യാമ്പയിൻ വിജയകരമാണെന്ന് കണ്ടാൽ കൂടുതൽ വിപുലമായ നടപടികളിലേക്ക് കടക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ അവഗണിക്കാതെ യഥാസമയം വിദഗ്ദ്ധ ചികിത്സയും പരിശോധനകളും തേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് 2024-ൽ 65-ാം വയസ്സിൽ ഡിമെൻഷ്യ സ്ഥിരീകരിക്കപ്പെട്ട വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ പീറ്റർ ഡുക്ലോസും ഓർമ്മിപ്പിക്കുന്നു. കൃത്യസമയത്ത് ജീവിതശൈലി മാറ്റങ്ങളിലൂടെ മുൻകരുതൽ സ്വീകരിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നത്.

