ഹാരി കെയ്നിന്റെ ഇരട്ടഗോളിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ മത്സരത്തിൽ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച് ഇംഗ്ലണ്ട് വിജയത്തോടെ ടൂർണമെന്റ് ആരംഭിച്ചു. നായകൻ ഹാരി കെയ്ൻ ഇരട്ടഗോൾ നേടി ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി രണ്ടാം ശ്രമത്തിൽ ഗോളാക്കി മാറ്റിയാണ് കെയ്ൻ ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. മാർട്ടിൻ ബതുറിന ക്രൊയേഷ്യയ്ക്കായി സമനില പിടിച്ചെങ്കിലും, കോർണറിൽ നിന്ന് ഹെഡറിലൂടെ കെയ്ൻ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. എന്നാൽ ഇടവേളയ്ക്ക് തൊട്ടുമുമ്പ് പീറ്റർ മൂസയുടെ ഗോളിൽ ക്രൊയേഷ്യ വീണ്ടും ഒപ്പമെത്തി.
രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ 85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്ഫോർഡും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് 4-2ന്റെ ജയം ഉറപ്പിച്ചു.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ നേടിയ ഗോളുകളുടെ എണ്ണം 10 ആയി. ഇതോടെ ഇംഗ്ലണ്ടിനായി ലോകകപ്പ് വേദിയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗാരി ലിനകറിൻ്റെ റെക്കോർഡിനൊപ്പമെത്താനും കെയ്നിന് സാധിച്ചു.

