കായകൽപ്പം; ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനസമ്പര്‍ക്ക പരിപാടിയുമായി ആരോഗ്യമന്ത്രി കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുള്ള ‘കായകൽപ്പം’ ജനസമ്പര്‍ക്ക പരിപാടിക്ക് കോഴിക്കോട്ട് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ കോഴിക്കോട് മെഡിക്കൽ കോളെജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ജീവനക്കാരുടെ ഒഴിവുകൾ, ഉപകരണങ്ങളുടെ ക്ഷാമം തുടങ്ങിയവ പരിഹരിച്ച് രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുകയാണ് ‘കായകൽപ്പം’ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് വെള്ളയിൽ മീനൂസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും മന്ത്രി നേരിട്ട് പരാതികളും നിർദേശങ്ങളും സ്വീകരിച്ചു.

ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള താഴെത്തട്ടിലെ ആരോഗ്യ സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. മെഡിക്കൽ കോളെജുകളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കും. സർക്കാർ ആശുപത്രികളുടെ വികസനത്തിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും, ഇതിനെ സ്വകാര്യവൽക്കരണമായി തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളെജിൽ 30 കോടി രൂപ ചെലവിൽ ഇൻവേസീവ് അല്ലാത്ത രീതിയിലുള്ള ‘വെർച്വൽ ഓട്ടോപ്സി’ സംവിധാനം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും, ചികിത്സാ പിഴവ് സംബന്ധിച്ച പരാതികളിൽ കൃത്യമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപടിയുണ്ടാകൂ എന്നും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലും മന്ത്രിയുടെ നേതൃത്വത്തിൽ കായകൽപ്പം ജനസമ്പീർക്ക പരിപാടികൾ തുടരും

Leave a Reply

Your email address will not be published. Required fields are marked *