കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്. വഖഫ് ബോർഡിന്റെ നിലവിലെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച കോടതി, ബോർഡ് എടുക്കുന്ന നയപരമായ എല്ലാ തീരുമാനങ്ങൾക്കും ഇനി മുതൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ബോർഡിന്റെ നിലവിലെ ഘടന നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വഖഫ് ബോർഡിന് ജുഡീഷ്യൽ സിറ്റിംഗുകൾ നടത്താനോ, നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനോ, മൂലധന നിക്ഷേപങ്ങളോ വലിയ ചെലവുകളോ നടത്താനോ അനുമതിയുണ്ടായിരിക്കില്ല. ബോർഡിന്റെ ദൈനംദിന മേൽനോട്ട ചുമതല സംസ്ഥാന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു.
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന 2025-ലെ വഖഫ് നിയമഭേദഗതിയിലെ (സെക്ഷൻ 14) കർശനമായ നിബന്ധനകൾ സംസ്ഥാന സർക്കാർ കാറ്റിൽപ്പറത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, ക്രൈസ്തവ സംഘടനയായ ‘ആക്ട്സ്’ (ACTS) എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ ഇടപെടൽ. 2026-ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് അംഗങ്ങളെയും മുസ്ലിം സമുദായത്തിൽ നിന്ന് മാത്രമായി നിശ്ചയിച്ച സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിക്ക് നിയമസാധുതയില്ലെന്നും കോടതി പ്രാഥമികമായി നിരീക്ഷിച്ചു.

