ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ടെര്‍മിനല്‍ ഒന്നിലെ വിവിഐപി പിക്കപ് പോയിന്റിനു സമീപം ടാക്‌സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു യുവാവ് വടിവാള്‍ ചുഴറ്റുകയായിരുന്നു. രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു. പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആയുധം സഹിതം ഇയാളെ പിടികൂടിയത്. ഇയാളെ അപ്പോള്‍ തന്നെ പോലീസിനു കൈമാറുകയും ചെയ്തു. ടാക്‌സി ഡ്രൈവറായ സുഹൈല്‍ അഹമ്മദാണ് അറസ്റ്റിലായത്. ജയനഗര്‍ സ്വദേശിയാണിയാള്‍. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം നടക്കുന്നത്. ഇതിന്റ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നേരത്തെയുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വിവിഐപി ഏരിയയില്‍ മാരകായുധവുമായി അക്രമി വിളയാടാനിടയായത് കനത്ത സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

