ന്യൂയോർക്ക്: വിമാനത്തിലെ ജീവനക്കാരെ ആക്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് ഹോളിവുഡ് നടി സെൽമ ബ്ലെയർ അറസ്റ്റിലായി. ലോസ് ആഞ്ചലസിൽനിന്ന് ന്യൂയോർക്കിലേക്ക് ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഒക്ടോബർ 11ന് വിമാനം ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ നടിയെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
വിമാനത്തിലെ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റതായാണ് അധികൃതരുടെ വിശദീകരണം. ഒരു ജീവനക്കാരിയെ അടിക്കുകയും മറ്റൊരു ജീവനക്കാരിയെ കടിക്കുകയും ചെയ്തെന്നാണ് നടിക്കെതിരായ ആരോപണം. പരിക്കേറ്റ ജീവനക്കാരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് നടിയെയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടിയെന്നും പിന്നീട് ആശുപത്രിയിൽ നഴ്സിനെയും ആക്രമിച്ചെന്നും നടിക്കെതിരെ ആരോപണമുണ്ട്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ രണ്ടു ഗുരുതര ആക്രമണക്കുറ്റങ്ങൾ ചുമത്തിയതായാണ് റിപ്പോർട്ട്. ഒക്ടോബർ 12ന് കോടതിയിൽ ഹാജരാക്കിയ നടി കുറ്റം നിഷേധിച്ചു. 20,000 ഡോളർ പണജാമ്യത്തിലോ 60,000 ഡോളറിന്റെ ജാമ്യബോണ്ടിലോ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു. അടുത്ത കോടതി നടപടികൾ 2027 ജനുവരി 19ന് നടക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, നടിക്ക് വിമാനയാത്രയ്ക്കിടെ അടിയന്തര ആരോഗ്യപ്രശ്നമുണ്ടായതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അവരുടെ പ്രതിനിധി അറിയിച്ചു. വിമാനമിറങ്ങിയ ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിനിധി വ്യക്തമാക്കി. വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ ഫെഡറൽ തലത്തിലും അന്വേഷണം തുടരുകയാണ്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പെരുമാറ്റങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് ഡെൽറ്റ എയർലൈൻസ് പ്രതികരിച്ചു. ക്രൂവൽ ഇന്റൻഷൻസ്, ലെഗലി ബ്ലോണ്ട്, ഹെൽബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് 54കാരിയായ സെൽമ ബ്ലെയർ. 2018ൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗനിർണയം നടത്തിയ വിവരം അവർ പരസ്യപ്പെടുത്തിയിരുന്നു.

