ബെയ്ജിങ്: കേരളത്തില്‍ പാലാരിവട്ടം പാലത്തില്‍ കുഴികളുണ്ടായപ്പോള്‍ പഞ്ചവടിപ്പാലമെന്നു വിളിച്ചവര്‍ക്കു ചൈനയില്‍ നിന്ന് ബെസ്റ്റ് ഉദാഹരണം. പഞ്ചവടിപ്പാലം സിനിമയിലെ പാലം വീണതു പോലെ ഇതാ ചൈനയിലും തോട്ടില്‍ കിടക്കുകയാണ് ഒരു പാലം. നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ ആയതേയുള്ളൂ, തെക്കു പടിഞ്ഞാറന്‍ ചൈനയില്‍ സിചുവാന്‍ പ്രവിശ്യയില്‍ മേര്‍കാംഗിലെ ഹോങ്കി പാലം പൂര്‍ണമായി തകര്‍ന്നു വീണിരിക്കുകയാണ്.
മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയും ഭാഗമാണ് ഹോങ്കി പാലം. മുക്കാല്‍ കിലോമീറ്ററിലധികമാണ് ഇതിന്റെ നീളം. ഏതാനും ദിവസങ്ങളായി തകരുന്നതിന്റെ സൂചനകള്‍ തന്നിരുന്ന പാലം തിങ്കളാഴ്ച അടച്ചിടുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞതേയുള്ളൂ ആദ്യം അപ്രോച്ച് റോഡു തകര്‍ന്നു, പിന്നാലെ പാലവും മൊത്തമായി തകര്‍ന്നു വീണു. പാലം അടച്ചിട്ടിരുന്നതിനാല്‍ വാഹനങ്ങളോ ആളുകളോ അപകടത്തില്‍ പെട്ടിട്ടില്ല.
എന്നാല്‍ നിര്‍മാണത്തിലെ അപാകതകളല്ല, ആ പ്രദേശത്തെ പര്‍വത നിരകളുടെ സവിശേഷതയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് അധികൃതരുടെ വാദം. എന്തായാലും ഈ വര്‍ഷം തന്നെ ചൈനയില്‍ തകര്‍ന്നു വീഴുന്ന രണ്ടാമത്തെ പാലമായി ഹോങ്കി പാലം മാറിയിരിക്കുകയാണ്. യെല്ലോ നദിക്കു കുറുകെ നിര്‍മിച്ചിരുന്ന റെയില്‍വേ പാലമാണ് ഈ വര്‍ഷം തുടക്കത്തില്‍ തകര്‍ന്നു വീണത്. ആ അപകടത്തില്‍ പന്ത്രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

