ഹോർമുസ് പ്രതിസന്ധി: ബദൽ പാതകൾ വേഗത്തിലാക്കി ഗൾഫ് രാജ്യങ്ങൾ

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ബദൽ വ്യാപാര-ഊർജ പാതകൾ വികസിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ നടപടികൾ വേഗത്തിലാക്കി. യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കടലിടുക്കിന് പുറത്തുള്ള തുറമുഖങ്ങളും പൈപ്പ്‌ലൈൻ സംവിധാനങ്ങളും കൂടുതൽ സജീവമാക്കുകയാണ്.

ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച ഏഴ് കപ്പലുകൾ മാത്രമാണ് കടലിടുക്കിലൂടെ കടന്നുപോയതെന്ന് കപ്പൽ ഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, ബദൽ പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ 28 ചരക്ക് കപ്പലുകൾ സഞ്ചരിച്ചു.

യുഎഇയുടെ കിഴക്കൻ തീരത്തെ തുറമുഖ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പൈപ്പ്‌ലൈൻ, റെയിൽ, വ്യാപാര ഇടനാഴി സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഹോർമുസിന് പകരം പൂർണമായൊരു പാത സൃഷ്ടിക്കുകയല്ല, കടലിടുക്കിനെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.

അതേസമയം, ഹോർമുസിലെ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവില 100 ഡോളറിന് മുകളിലെത്തി. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ പ്രധാന ജലപാതയിലെ തടസ്സം ആഗോള ഊർജ വിപണിയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഹോർമുസിനെ നേരിട്ട് മറികടക്കാൻ കഴിയാത്ത ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളെയാണ് നിലവിലെ പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്. ദീർഘകാലത്തേക്ക് പ്രതിസന്ധി തുടർന്നേക്കാമെന്ന വിലയിരുത്തലിലാണ് ഗൾഫ് രാജ്യങ്ങൾ ബദൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *