ആശുപത്രി തകർന്നു; മുജ്തബ ഖാംനഇയെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇ ചികിത്സയിലായിരുന്ന ടെഹ്റാനിലെ ആശുപത്രി യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നപ്പോൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് അദ്ദേഹത്തെ ജീവനോടെ രക്ഷപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. ഇറാൻ അസംബ്ലി ഓഫ് എക്സ്പെർട്ട്സ് അംഗം മൊഹ്സെൻ ഹൈദരിയാണ് ഖത്തർ ടെലിവിഷൻ ചാനലായ അൽ അറബിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി 28ന് അലി ഖാംനഇ കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹത്തെ ടെഹ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം ടെഹ്റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ആക്രമണമുണ്ടായെന്നും മൂന്നാമത്തെ ആശുപത്രിയിലായിരുന്നു മുജ്തബ ചികിത്സയിലുണ്ടായിരുന്നതെന്നും ഹൈദരി പറഞ്ഞു. ആക്രമണത്തിൽ ആശുപത്രി തകർന്നതോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മുജ്തബയെ പുറത്തെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന് മുജ്തബയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും ഹൈദരി പറഞ്ഞു.

മുജ്തബയുടെ ആരോഗ്യനില സംബന്ധിച്ച് നേരത്തെയും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മേയിൽ ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ, ഫെബ്രുവരി 28ലെ ആക്രമണത്തിൽ മുജ്തബയ്ക്ക് മുഖം, തല, കാലുകൾ എന്നിവിടങ്ങളിൽ ഉപരിതല പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്നും ഒന്നോ രണ്ടോ തുന്നലുകൾ മാത്രമാണ് ആവശ്യമായതെന്നും പറഞ്ഞിരുന്നു.

അവശിഷ്ടങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയെന്ന ഹൈദരിയുടെ പുതിയ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുജ്തബയുടെ ആരോഗ്യനിലയും പൊതുവേദികളിലെ അസാന്നിധ്യവും സംബന്ധിച്ച് വിവിധ റിപ്പോർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *