താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് കാരണം നടൻ ടിനി ടോം ആണെന്ന് നടി അൻസിബ ഹസൻ ആരോപിച്ചു. തനിക്കെതിരെ അപവാദങ്ങളും അവിഹിത ബന്ധങ്ങളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളും നടത്തിയതായും അൻസിബ പറഞ്ഞു.
തന്നെ “ജിഹാദി” എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നുവെന്ന് ടിനി ടോം മറ്റുള്ളവരോട് പറഞ്ഞുവെന്നുമാണ് അൻസിബയുടെ ആരോപണം. ‘അമ്മ’ കുടുംബസംഗമവുമായി ബന്ധപ്പെട്ട് മതസ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിനെതിരെ അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് ഇത്തരം പ്രചാരണങ്ങൾ ശക്തമായതെന്നും അവർ പറഞ്ഞു.
മാനസികമായി ഏറെ തളർന്നതിനാലാണ് ഇത്രയും നാൾ മൗനം പാലിച്ചതെന്നും സിനിമയിൽ നിന്ന് പുറത്താകുമോയെന്ന ഭയം ഉണ്ടായിരുന്നുവെന്നും അൻസിബ വ്യക്തമാക്കി. സംഘടനയിൽ പരാതി നൽകിയിരുന്നെങ്കിലും വേണ്ട പിന്തുണ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. അതേസമയം അൻസിബയുടെ ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചു. താൻ ആരെയും മതത്തിന്റെ പേരിൽ അധിക്ഷേപിച്ചിട്ടില്ലെന്നും ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.

