തൊടുപുഴ: യുവജനങ്ങൾക്ക് ഐ.ടി. കരിയർ സാധ്യതകളെക്കുറിച്ചും തൊഴിൽ മേഖലയിൽ ആവശ്യമായ നൈപുണ്യങ്ങളെക്കുറിച്ചും പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഇൻഫോനിക്സ് സൊല്യൂഷൻസ് സംഘടിപ്പിച്ച ‘ഇഗ്നൈറ്റ്’ സെമിനാർ വിജയകരമായി നടന്നു. തൊടുപുഴ തെനംകുന്ന് ബൈപ്പാസ് റോഡിലുള്ള സെൻ്റ്. മൈക്കിൾ ആർക്കേഡിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു പരിപാടി. ഇതോടൊപ്പം ആറ് വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനത്തിൻ്റെ നവീകരിച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തന ഉദ്ഘാടനവും, ഇൻറ്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കപ്പെട്ടു.
ശാന്തിഗിരി കോളേജ് ഓഫ് കംപ്യൂട്ടർ സയൻസ് പ്രിൻസിപ്പാൾ ഫാ. ജിൻസ് പടിഞ്ഞാറയിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, ഐ.ടി. മേഖലയിൽ വിജയിക്കാനുള്ള നൈപുണ്യങ്ങൾ, വ്യക്തിത്വ വികസനം എന്നിവ വിഷയങ്ങളാക്കി നടന്ന സെമിനാറിൽ ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പാളും കൊമേഴ്സ് വിഭാഗം മേധാവിയും എൻ.സി.സി. ഓഫീസറുമായ മേജർ പ്രജീഷ് സി. മാത്യു, ടി.സി.എസിലെ ബിസിനസ് അനലിസ്റ്റ് രാഹുൽ മുരളി എന്നിവർ റിസോഴ്‌സ് പേഴ്സൺമാരായി ക്ലാസുകൾ നയിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത ചടങ്ങിൽ വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കുമായി പ്രചോദനാത്മകമായ ക്ലാസുകളും കരിയർ മാർഗനിർദേശങ്ങളും നൽകുകയുണ്ടായി. ഇൻഫോനിക്സ് സൊല്യൂഷൻസ് ഡയറക്ടർ അരുൺ വി.എൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സിന്ധു എസ്.യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടി തങ്ങളുടെ ഭാവി കരിയർ രൂപപ്പെടുത്താൻ സഹായകമായ അറിവുകളും പ്രായോഗിക മാർഗനിർദേശങ്ങളും നൽകുന്നതായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കോഴ്സുകളെയും പരിശീലനങ്ങളെയും കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 9895784381, 9496340934 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

