തിരുവനന്തപുരം: ബ്രൂണെയിൽ താമസിക്കുന്ന മലയാളി ദാമോദര മേനോനെ സുകുമാരക്കുറുപ്പായി ചിത്രീകരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ, വിവരങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ട സൈബർ വിദഗ്ധൻ എന്നിവരിൽ നിന്ന് മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. ദാമോദര മേനോനാണ് ബ്രൂണെയിൽ താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്.
സംഭവം സംബന്ധിച്ച വാർത്ത ഒരു മലയാള ടെലിവിഷൻ ചാനലാണ് റിപ്പോർട്ട് ചെയ്തത്. ദാമോദര മേനോന്റെ വ്യക്തിത്വം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത ലഭിച്ചതിനാൽ ഇനി ഇന്റർപോളിന്റെ സഹായം തേടേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട പഴയ കേസിന്റെ പശ്ചാത്തലവും ദാമോദര മേനോനെ സുകുമാരക്കുറുപ്പായി ചിത്രീകരിച്ച് പ്രചാരണം നടത്തിയതിന്റെ സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും

