ദുബായ്: ദുബായ് എയര്‍ ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചതില്‍ ഇന്ത്യയുടെ അന്വേഷണം ആരംഭിച്ചു. യുഎഇ ഗവണ്‍മെന്റും അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യന്‍ അന്വേഷണം സംബന്ധിച്ച് ഗവണ്‍മെന്റ് തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ പെടുന്നതായ സാഹചര്യം ഉണ്ടായപ്പോഴേ പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപെടാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ് എന്നതിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര സ്വദേശിയായ സ്‌ക്വാഡ്രന്‍ ലീഡര്‍ നമന്‍ സന്യാല്‍ ആണ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ വൈമാനികന്‍. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം സംഭവിക്കുന്നത്. കഴിഞ്ഞ കൊല്ലം ജയ്‌സാല്‍മേറിലും ഇത്തരത്തില്‍ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപെട്ടിരുന്നു.
ഇന്ത്യയില്‍ ആഭ്യന്തരമായി നിര്‍മിച്ച തേജസ് സീരീസില്‍ പെട്ട വിമാനങ്ങള്‍ക്കു സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ സംഘവും തേജസ് വിമാനവുമായിരുന്നു എയര്‍ഷോയില്‍ പങ്കെടുത്തത്. വിമാനം നിലംപതിച്ച് കത്തിയതോടെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

