ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയെ പരാജയം തുറിച്ചു നോക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്നലെയുണ്ടായത്. അതോടെ സന്ദര്‍ശകര്‍ കൂറ്റന്‍ ലീഡിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
രണ്ടു ദിവസത്തെ കളിയും പത്തു വിക്കറ്റും ബാക്കി നില്‍ക്കേ ദക്ഷിണാഫ്രിക്കയുടെ ആകെ ലീഡ് 314 റണ്‍സാണ്. 489 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോറിനെതിരേ ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ പത്തു വിക്കറ്റും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് വെറും 201 റണ്‍സിലാണ് അവസാനിക്കുന്നത്. വേണമെങ്കില്‍ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നെങ്കിലും അതിനു തയാറാകാതെ ദക്ഷിണാഫ്രിക്ക ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവരുടെ സ്‌കോര്‍ വിക്കറ്റൊന്നും പോകാതെ 26 റണ്‍സാണ്. ഇതോടെയാണ് ആകെ ലീഡ് 314 റണ്‍സിന്റെയായത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനെ തകര്‍ത്തു തരിപ്പണമാക്കിയത് ആറു വിക്കറ്റുകള്‍ കൊയ്ത പേസര്‍ മാര്‍ക്കോ യാന്‍സന്‍ ആയിരുന്നു. അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും തിളങ്ങിയത്. 97 പന്തുകളില്‍ നിനന് 58 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.

