ന്യൂഡൽഹി: സിന്ധു നദി ജലകരാറിന്റെ (IWT) പേരിൽ അന്താരാഷ്ട്ര വേദികളിൽ ഭാരതത്തിനെതിരെ നിരന്തരം വ്യാജപ്രചാരണങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്ന പാകിസ്താന്, കടുത്ത പ്രകോപനങ്ങൾക്കിടയിലും കൃത്യമായ മാനുഷിക പരിഗണനയും സുരക്ഷാ മുന്നറിയിപ്പും നൽകി ഭാരതം. ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ സ്പിൽവേ ഗേറ്റുകൾ തുറന്നതിനെ തുടർന്ന് ചെനാബ് നദിയിൽ പ്രളയസാധ്യതയുണ്ടെന്ന് ഭാരതം ഇസ്ലാമാബാദിന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഭാരതത്തിന്റെ ഈ കൃത്യസമയത്തുള്ള ഇടപെടൽ പാകിസ്താനിലെ ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരെയാണ് വലിയൊരു അപകടത്തിൽ നിന്നും കാത്തത്.
മൺസൂണിന് മുന്നോടിയായി അണക്കെട്ടിലെ ചെളി നീക്കം ചെയ്യുന്നതിനാണ് (Flushing) സലാൽ ഡാമിന്റെ ഗേറ്റുകൾ തുറന്നത്. ഇതിനെ തുടർന്ന് അതിർത്തി കടന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലനിരപ്പ് രണ്ട് മുതൽ മൂന്ന് മീറ്റർ വരെ പെട്ടെന്ന് ഉയർന്നേക്കാമെന്നാണ് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയത്. കരാർ വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് ഭാരതത്തിൽ നിന്നുള്ള ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി പാക് അധികൃതർ ദുരന്തനിവാരണ സേനകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ രാഷ്ട്രീയമായ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, മാനുഷിക മൂല്യങ്ങൾക്കും അന്താരാഷ്ട്ര കരാറുകൾക്കും ഭാരതം നൽകുന്ന കൃത്യമായ പ്രാധാന്യമാണ് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി വ്യക്തമാകുന്നത്.

