ന്യൂഡൽഹി: സൊമാലിയൻ തീരത്ത് ആയുധധാരികളായ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാന്റെ മത്സ്യബന്ധന കപ്പലായ ‘അസിനി’യെയും (Azini) അതിലെ 20 ജീവനക്കാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. ഇന്ത്യൻ വ്യോമസേനയുടെ പിന്തുണയോടെ 48 മണിക്കൂറിലേറെ നീണ്ടുനിന്ന ദൗത്യത്തിനൊടുവിലാണ് കപ്പൽ മോചിപ്പിച്ചത്. നവംബർ രണ്ടിന് പൂർത്തിയായ രക്ഷാദൗത്യത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 29നാണ് സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്ത് ആയുധധാരികളായ കടൽക്കൊള്ളക്കാർ അസിനി കപ്പൽ തട്ടിയെടുത്തത്. മേഖലയിലെ വ്യാപാരക്കപ്പലുകൾ ആക്രമിക്കാൻ ഈ കപ്പലിനെ മാതൃകപ്പലായി (മദർഷിപ്പ്) ഉപയോഗിച്ചേക്കാമെന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ ഇന്ത്യൻ ഓഷ്യൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യൻ നാവികസേന രക്ഷാദൗത്യത്തിന് തുടക്കമിട്ടത്.
മുംബൈയിൽനിന്ന് 3,000 കിലോമീറ്ററിലധികം അകലെ അറബിക്കടലിലായിരുന്നു ദൗത്യം. നാവികസേനയുടെ യുദ്ധക്കപ്പലിനൊപ്പം സമുദ്ര നിരീക്ഷണ വിമാനവും പ്രവർത്തനത്തിൽ പങ്കെടുത്തു. കടലിലൂടെയും ആകാശമാർഗവും നിരീക്ഷണം നടത്തി കപ്പലിന്റെ സ്ഥാനം കണ്ടെത്തുകയും സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തു.
തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽനിന്ന് മറൈൻ കമാൻഡോകളെ കൃത്യമായി ലക്ഷ്യമിട്ടുള്ള എയർഡ്രോപ്പ് വഴി ദൗത്യസ്ഥലത്തെത്തിച്ചു. കമാൻഡോകൾ കപ്പൽ സുരക്ഷിതമാക്കുകയും കടൽക്കൊള്ളക്കാരുടെ ഭീഷണി അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് 20 ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിച്ചു.
രക്ഷാദൗത്യത്തിന് ഇന്ത്യൻ നാവികസേനയെയും വ്യോമസേനയെയും അഭിനന്ദിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും തെളിവാണ് ഈ മാനുഷിക ദൗത്യമെന്ന് എംബസി പ്രതികരിച്ചു

