അമേരിക്കയിലെ കാൻസസ് സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രൊഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ അദ്ദേഹം നെബ്രാസ്കയിലെ ഒമാഹയിലാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഹൂസ്റ്റണിൽ നിന്ന് കാറിൽ മടങ്ങുന്നതിനിടെയാണ് ശക്തമായ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുക്കിൽപ്പെടുകയും അപകടമുണ്ടാകുകയും ചെയ്തത്. തിരച്ചിലിനൊടുവിൽ വെങ്കിടേഷിന്റെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ശക്തമാക്കിയിരുന്നു. ശക്തമായ മഴയും മിന്നൽപ്രളയസമാന സാഹചര്യവും മൂലമാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

