ഇ ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഉൽപ്പന്ന കയറ്റുമതി 2025–26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ഉയരമായ 38,424 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ 23,622 കോടി രൂപയിൽനിന്ന് 62.66 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയുമാണ് കയറ്റുമതിയിൽ പ്രധാന പങ്കുവഹിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതം 54.84 ശതമാനവും സ്വകാര്യ മേഖലയുടേത് 45.16 ശതമാനവുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 151 ശതമാനം വർധിച്ച് 21,071 കോടി രൂപയിലെത്തി. സ്വകാര്യ മേഖലയുടേത് 14 ശതമാനം വർധിച്ച് 17,353 കോടി രൂപയായി.
ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ സ്വീകാര്യത വർധിക്കുന്നതിന്റെ സൂചനയാണ് ഈ വളർച്ചയെന്ന് മന്ത്രാലയം വിലയിരുത്തി. 2025–26 സാമ്പത്തിക വർഷത്തിൽ 80-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം മുൻവർഷത്തെ 128-ൽനിന്ന് 145 ആയി ഉയർന്നു.
പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത വർധിപ്പിക്കുകയും ഇന്ത്യയെ ആഗോള പ്രതിരോധ നിർമാണ കേന്ദ്രമാക്കി മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ആഭ്യന്തര നിർമാണത്തിനും കയറ്റുമതിക്കും സർക്കാർ നടപ്പാക്കുന്ന നയപരിഷ്കാരങ്ങൾ ഈ വളർച്ചയ്ക്ക് സഹായകമായതായി മന്ത്രാലയം അറിയിച്ചു.

