റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ; സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങളിൽ സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി തിങ്കളാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളും നയതന്ത്ര ഇടപെടലുകളുമാണ് വേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ, മാനുഷിക പ്രതിസന്ധികൾ, സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. യുക്രെയ്‌നുമായുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താനും ധാരണയായി. സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

അബുദാബിയിൽ റഷ്യ, യുക്രെയ്ൻ, യുഎസ് പ്രതിനിധികൾ പങ്കെടുക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായാണ് മോദിയുമായി സെലൻസ്കി സംസാരിച്ചത്. ചർച്ചകളുടെ അജൻഡയിലെ ഓരോ വിഷയത്തിലും യുക്രെയ്ൻ സജീവമായി തയാറെടുക്കുകയാണെന്ന് സെലൻസ്കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനും റഷ്യയും സമാനമായ സന്നദ്ധത പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി തടസ്സപ്പെടുന്നതും സംഭാഷണത്തിൽ വിഷയമായി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കരിങ്കടലിൽ ഭക്ഷ്യ ഇടനാഴികൾ സ്ഥാപിക്കുന്നതിൽ ഇന്ത്യക്ക് മധ്യസ്ഥത വഹിക്കാനാകുമെന്ന് സെലൻസ്കി പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയുടെ തുടർ ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കടൽമാർഗങ്ങളിലെ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും സെലൻസ്കി ചൂണ്ടിക്കാട്ടി.

മോദിയുമായുള്ള സംഭാഷണത്തിനു പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്ൻ സംഘർഷവും നിലവിലെ നയതന്ത്ര നീക്കങ്ങളുമായിരുന്നു ചർച്ചാവിഷയം.

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സമാധാന ശ്രമങ്ങളിൽ ഇരുരാജ്യങ്ങളുമായും ഇന്ത്യ നയതന്ത്ര ബന്ധം തുടരുന്നതിനിടെയാണ് പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *