റെസ്റ്റോറന്റ് ഉടമയുടെ മരണം; ഒളിവിലായിരുന്ന ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ നാഗ്പുരിൽ പിടിയിൽ

ലക്നൗ: റെസ്റ്റോറന്റ് ഉടമയായ യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. ശ്രദ്ധ ദുബെ, ഇവരുടെ സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി (ഡാനിഷ്) എന്നിവരെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ത്യയിലും നേപ്പാളിലുമായി ദിവസങ്ങൾ നീണ്ട വ്യാപക തിരച്ചിലിനൊടുവിലാണ് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) മഹാരാഷ്ട്ര പൊലീസും സംയുക്തമായി പ്രതികളെ വലയിലാക്കിയത്. മൂവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് ലക്നൗ പൊലീസ് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ ഒൻപതിനാണ് ശ്രദ്ധയുടെ ലിവ്-ഇൻ പങ്കാളിയായ ലക്നൗ സ്വദേശി ശിവ ശർമ (28) ഹസ്രത്ഗഞ്ചിലെ അവധ് ഗ്രീൻ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചത്. ശർമയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രഞ്ജന ശർമ നൽകിയ പരാതിയിലാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. എന്നാൽ ശർമ ആത്മഹത്യ ചെയ്തതാണെന്നും താൻ നിരപരാധിയാണെന്നും അവകാശപ്പെട്ട് ശ്രദ്ധ മുൻപ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികൾ നേപ്പാളിലേക്ക് കടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവരുടെ വാഹനം നേപ്പാൾ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നേപ്പാൾ പൊലീസിന്റെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിരുന്നെങ്കിലും സംഘം രഹസ്യമായി ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തി നാഗ്പുരിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ ഉടൻ ലക്നൗവിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *