ടെഹ്റാൻ: രാജ്യത്തിന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഒരു ഗ്രാം പോലും വിദേശത്തേക്ക് അയയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് വാഷിങ്ടൺ ഇറാന്റെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്നും ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി.
മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഇറാൻ സന്ദർശിച്ച പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. സമ്പുഷ്ടീകരിച്ച ആണവവസ്തുക്കൾ രാജ്യത്തിന്റെ ദേശീയ സമ്പത്താണെന്നും അവ ആഭ്യന്തര ആവശ്യങ്ങൾക്കായി നിലനിർത്തുമെന്നുമാണ് റെസായി അറിയിച്ചത്.
അമേരിക്കയുടെ തുറമുഖ ഉപരോധം അവസാനിപ്പിക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ നീക്കുക, മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളിൽ തീരുമാനമുണ്ടാകാതെ വാഷിങ്ടണുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ഇറാന്റെ ആണവപദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിലെ പ്രധാന വിഷയങ്ങൾ. ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന നിലയിലേക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ ശേഷി കുറയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു. എന്നാൽ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്.

