ഇറാൻ-ഇസ്രയേൽ സംഘർഷം: ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദേശം

ന്യൂഡൽഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനും അവിടെ കഴിയുന്ന ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടാനും ഇന്ത്യ നിർദേശം നൽകി. ടെഹ്റാനിലെ ഇന്ത്യൻ എംബസിയാണ് പുതിയ യാത്രാ മുന്നറിയിപ്പ് പുറത്തിറക്കിയത്. ഇറാനിലേക്കുള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ വിമാനമോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് സുരക്ഷിതമായി രാജ്യം വിടണമെന്നും നിർദേശത്തിൽ പറയുന്നു. മേഖലയിലെ സമീപകാല സംഭവവികാസങ്ങളെ തുടർന്നാണ് ഈ മുന്നറിയിപ്പ് നൽകിയതെന്ന് എംബസി വ്യക്തമാക്കി. ഇസ്രയേൽ-ഇറാൻ സംഘർഷം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ശക്തമായിട്ടുണ്ട്.

ഇസ്രയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതും തുടർന്ന് ഇസ്രയേൽ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ തിരിച്ചടിച്ചതും പശ്ചിമേഷ്യയിൽ വ്യാപക ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യം കൂടുതൽ വലിയ പ്രാദേശിക സംഘർഷത്തിലേക്ക് നയിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.

സംഘർഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതമായി തുടരുകയാണെന്നും ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം പിന്തുടരണമെന്നും ഇന്ത്യൻ പൗരന്മാരോട് എംബസി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *