ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമായി. അമേരിക്കൻ സൈന്യം ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ.
ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഒമാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. അതേസമയം, ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുവയ്ക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്ന് അമേരിക്ക അറിയിച്ചു.
സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായും ആഗോള എണ്ണവില ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ കൂടുതൽ സൈനിക നീക്കങ്ങൾക്കും നയതന്ത്ര ഇടപെടലുകൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

