തിരുവനന്തപുരം: മുൻമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് മിൽമ, കേരഫെഡ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കരാർ നൽകിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ബിന്ദു മേനോന്റെ ‘മിഡ്നൈറ്റ് സൺ ഗ്ലോബൽ’ എന്ന കമ്പനിക്ക് കരാർ അനുവദിച്ചതിൽ ഔദ്യോഗിക നടപടിക്രമങ്ങളോ കൃത്യമായ മാനദണ്ഡങ്ങളോ പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്ക് മുൻപ് നൽകിയിരുന്ന കരാർ വ്യവസ്ഥകളിൽനിന്ന് തികച്ചും വ്യത്യസ്തവും വഴിവിട്ടതുമായ ഇളവുകളും ആനുകൂല്യങ്ങളും ഈ കമ്പനിക്ക് അനുവദിച്ചു നൽകിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. ഗണേഷ് കുമാറുമായുള്ള സ്വാധീനവും വ്യക്തിബന്ധങ്ങളും ഉപയോഗിച്ചാണ് മിഡ്നൈറ്റ് സൺ ഗ്ലോബലിന് ഈ കരാറുകൾ ലഭ്യമാക്കിയതെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ വിശദമായ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു.

