തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര വികസന പദ്ധതികളിലും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിനു (കെഎസ്ടിപി) കീഴിലുള്ള റോഡ് നിർമാണ പ്രവൃത്തികളിലും കോടികളുടെ ക്രമക്കേടുകളും പദ്ധതിനിർവഹണത്തിലെ വീഴ്ചകളും കണ്ടെത്തി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). സാധ്യതാപഠനങ്ങളില്ലാതെ പദ്ധതികൾ ആരംഭിച്ചതും ആവശ്യമായ നിയമാനുമതികൾ ഉറപ്പാക്കാതിരുന്നതും നിർമാണം പൂർത്തിയായിട്ടും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാത്തതും ഉൾപ്പെടെ നിരവധി പോരായ്മകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
2023–24 കാലയളവിൽ നടപ്പാക്കിയ 642 വിനോദസഞ്ചാര പദ്ധതികളിൽ 1,319.59 കോടി രൂപ ചെലവു കണക്കാക്കിയ 181 പദ്ധതികളാണ് വിശദ ഓഡിറ്റിനായി തിരഞ്ഞെടുത്തത്. ഇവയുടെ പരിശോധനയിലാണ് വിവിധ ക്രമക്കേടുകളും നിർവഹണത്തിലെ വീഴ്ചകളും കണ്ടെത്തിയത്.
കണ്ണൂർ പയ്യാമ്പലത്തെ അഡ്വഞ്ചർ പാർക്ക് പദ്ധതി സാധ്യതാപഠനം നടത്താതെ ആരംഭിച്ചതിനാൽ 51 ലക്ഷം രൂപ ചെലവഴിച്ചിട്ടും പൂർത്തിയാക്കാനായില്ല. ആമയിഴഞ്ചാൻ തോട് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച നെല്ലിക്കുഴി കാർട്ടബിൾ പാലത്തിന് 2.10 കോടി രൂപ ചെലവഴിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ തുറന്നുകൊടുക്കാനായില്ല.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ബൈപാസ് സൗന്ദര്യവത്കരണത്തിനായി 1.16 കോടി രൂപ ചെലവിട്ട് വാങ്ങിയ വൈദ്യുതോപകരണങ്ങൾ പിന്നീട് ഉപേക്ഷിക്കേണ്ടിവന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പള്ളിപ്പുറം കോട്ട, വലിയപള്ളി, അഴീക്കോട്, തിരുവഞ്ചിക്കുളം, കുറ്റിച്ചിറ എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികൾ നിർമിക്കാൻ 2.25 കോടി രൂപ ചെലവഴിച്ചെങ്കിലും ബോട്ട് സർവീസ് ആരംഭിച്ചിട്ടില്ല.
തൃശൂരിലെ കുന്നംകുളം കാക്കാത്തുരുത്ത്, കിളിപ്പാടം എന്നിവിടങ്ങളിലെ പക്ഷിനിരീക്ഷണ സങ്കേതങ്ങളുടെ ഇക്കോ ടൂറിസം വികസനത്തിനായി വെള്ളക്കെട്ടുള്ള വയൽ തിരഞ്ഞെടുത്തതിനാൽ പദ്ധതി ഭാഗികമായി ഉപേക്ഷിക്കേണ്ടിവന്നു. മലനാട്–മലബാർ റിവർ ക്രൂയിസ് പദ്ധതിക്കായി 3.74 കോടി രൂപ ചെലവഴിച്ച് വാങ്ങിയ നാലു ബോട്ടുകളും ഉപയോഗശൂന്യമായി തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

