ടെല്‍ അവീവ്: പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ സ്വതന്ത്ര പലസ്തീന്‍ രാജ്യത്തിനെതിരേ കടുത്ത നിലപാടുമായി ഇസ്രയേല്‍. പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ഏതു നീക്കത്തെയും എതിര്‍ത്തു തോല്‍പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. പലസ്തീന്റെ സ്വാതന്ത്ര്യത്തിനു വഴി തുറക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുളള ഗാസ പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതി വോട്ടെടുപ്പിലൂടെ തീരുമാനിരിക്കെയാണ് ഇസ്രയേലിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിനുള്ള സമ്മാനമാകുമെന്നും അത് ഇസ്രയേലിനു ഭീഷണിയായി മാറുമെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഇസ്രയേല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ വിശാലമായ ഹമാസ് ഭരണത്തിനു മാത്രമായിരിക്കും ഇതു വഴിവയ്ക്കുകയെന്നും അതിനാല്‍ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഗാസ വെടിനിര്‍ത്തല്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകുകയെന്ന നിലപാടില്‍ നിന്നു യുഎസ് പിന്‍മാറിയിട്ടില്ല. അതിനാല്‍ നെതന്യാഹുവിനു മേല്‍ സമ്മര്‍ദമുണ്ടാകുന്ന സാഹചര്യവുമുണ്ട്.
അതേസമയം ഗാസയില്‍ രാജ്യാന്തര സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ ഏതാനും അറബ് രാഷ്ട്രങ്ങള്‍ ഹമാസിനൊപ്പം എതിര്‍പ്പുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടിയാണ് യുഎന്നില്‍ വോട്ടെടുപ്പ് നടക്കുക. ചില അറബി രാജ്യങ്ങള്‍ ഈ നീക്കത്തിനെതിരേ സ്വീകരിച്ചിരിക്കുന്ന നിലപാടിനൊപ്പമാണെന്ന് റഷ്യയും ചൈനയും വെളിപ്പെടുത്തിയിട്ടുമുണ്ട്.

