ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാർ ബെൻ ഗ്വിറിന് ഫ്രാൻസ് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഗാസയിലേക്ക് സഹായവുമായി പോയ പ്രവർത്തകരോടുള്ള പെരുമാറ്റത്തെ തുടർന്നാണ് നടപടി. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോവൽ ബാരറ്റ് സാമൂഹ്യമാധ്യമത്തിലൂടെയാണ് വിലക്ക് പ്രഖ്യാപിച്ചത്.
ഗാസയിലേക്ക് സഹായവുമായി പോയ “ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല” പ്രവർത്തകരെ ഇസ്രായേൽ സേന തടഞ്ഞുവെച്ച സംഭവത്തിന് പിന്നാലെ ബെൻ-ഗ്വിറിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമായി. തടവിലാക്കിയ പ്രവർത്തകരെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ ബെൻ-ഗ്വിർ പുറത്തുവിട്ടതും പ്രതിഷേധത്തിന് കാരണമായി. ചില പ്രവർത്തകർ കസ്റ്റഡിയിൽ മർദനത്തിനും ദുരുപയോഗത്തിനും ഇരയായെന്ന് ആരോപിച്ചെങ്കിലും ഇസ്രായേൽ ജയിലധികൃതർ അത് നിഷേധിച്ചു.
ബെൻ-ഗ്വിറിന്റെ നടപടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ വിമർശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഫ്രാൻസിനൊപ്പം യൂറോപ്യൻ യൂണിയനും ബെൻ-ഗ്വിറിനെതിരെ ഉപരോധനടപടികൾ സ്വീകരിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

