നാസയുടെ മൂൺ ബേസ് പദ്ധതിയിൽ ചേരാൻ ഇസ്രോയ്ക്ക് ക്ഷണം

ബെംഗളൂരു: നാസയുടെ മൂൺ ബേസ് പദ്ധതിയിൽ ചേരാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോയ്ക്ക് ക്ഷണം. ഓഗസ്റ്റ് 5, 6 തീയതികളിൽ ബെംഗളൂരുവിലെ ഇസ്രോ ആസ്ഥാനത്ത് നടന്ന ഇന്ത്യ–യുഎസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ ഒൻപതാമത് യോഗത്തിലാണ് നാസ ക്ഷണം മുന്നോട്ടുവച്ചത്. ഇസ്രോയുടെ ഔദ്യോഗിക അറിയിപ്പും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ആർട്ടെമിസ് അക്കോർഡ്സിന് കീഴിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബഹിരാകാശ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ഷണം. മൂൺ ബേസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രോയുടെ പങ്കാളിത്തത്തിന്റെ കൃത്യമായ മേഖലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ചന്ദ്രപര്യവേക്ഷണം, മനുഷ്യ ബഹിരാകാശയാത്രാ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയിൽ സഹകരണം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും ചർച്ച നടത്തി.

ചന്ദ്രനിൽ ദീർഘകാല മനുഷ്യ സാന്നിധ്യത്തിനും ഗവേഷണ-സാങ്കേതിക പ്രവർത്തനങ്ങൾക്കുമായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയാണ് നാസയുടെ മൂൺ ബേസ് പദ്ധതിയുടെ ലക്ഷ്യം. ചന്ദ്രോപരിതലത്തിലേക്ക് ശാസ്ത്രീയ ഉപകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും എത്തിക്കുന്ന ദൗത്യങ്ങൾ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുകയാണ്.

ഇന്ത്യയും യുഎസും സംയുക്തമായി വികസിപ്പിച്ച നിസാർ (NISAR) ദൗത്യത്തിന്റെ വിജയവും ഭാവിയിലെ ശാസ്ത്ര-മനുഷ്യ ബഹിരാകാശയാത്രാ സാങ്കേതികവിദ്യാ സഹകരണവും യോഗത്തിൽ വിലയിരുത്തി. ആർട്ടെമിസ് അക്കോർഡ്സിന്റെ ഭാഗമായി തുറന്ന ശാസ്ത്രീയ വിവരങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

2023 ജൂൺ 21ന് ഇന്ത്യ ആർട്ടെമിസ് അക്കോർഡ്സിൽ ഒപ്പുവച്ചിരുന്നു. എന്നാൽ നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് പദ്ധതിയിൽ ഇന്ത്യ ഇതുവരെ ഔദ്യോഗിക പങ്കാളിയായിരുന്നില്ലെന്ന് കേന്ദ്ര സർക്കാർ 2025ൽ വ്യക്തമാക്കിയിരുന്നു. പുതിയ ക്ഷണം ഈ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള സാധ്യതയാണ് തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *